25 February, 2020 09:54:02 PM


'പിന്നലഴിക്കാന്‍ ഏണിയുമായി ബംഗാളി'; ഏറ്റുമാനൂരമ്പലത്തിലെ തിരുവാതിര വൈറലാകുന്നു



ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തിലെ ഒന്നാം ഉത്സവദിനമായ ചൊവ്വാഴ്ച വൈകിട്ട് നടന്ന തിരുവാതിരകളി പൂര്‍ത്തിയാക്കാന്‍ ഇതരസംസ്ഥാനതൊഴിലാളിയുടെ സഹായം തേടി ദേവസ്വം അധികൃതര്‍. ആറ് മണിയോടെ തിരുവരങ്ങില്‍ നടന്ന പിന്നല്‍തിരുവാതിരയാണ് രംഗം. ആകെ അര മണിക്കൂറാണ് സംഘത്തിന് തിരുവാതിര കളിക്കാന്‍ ഉത്സവനടത്തിപ്പുകാര്‍ നല്‍കിയിട്ടുള്ള സമയം. ഇതിനിടെയാണ് പിന്നിവന്ന ഷാളുകള്‍ തിരിച്ചഴിക്കാന്‍ പറ്റാത്ത വിധം കുരുങ്ങിയത്. ഇതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച കലാകാരികള്‍ക്കിടയിലേക്ക് ഇതരസംസ്ഥാനതൊഴിലാളിയെ ഇറക്കി അധികൃതര്‍ തടിയൂരി. 


രണ്ടുമൂന്നു പേരുടെ സഹായത്തോടെ സ്റ്റേജില്‍ നിന്നും ഏണിവെച്ച് മുകളില്‍ കയറിയ ഇതരസംസ്ഥാനതൊഴിലാളിയാണ് അവസാനം പിന്നലഴിച്ചത്. ഇതോടെ സംഭവം ചര്‍ച്ചയായി. ഉത്സവനടത്തിപ്പില്‍ അധികൃതരുടെ അനാസ്ഥ ചൂണ്ടികാട്ടി ഭക്തര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു തുടങ്ങി. ഇത്രയും വലിയ തെറ്റ് സംഭവിച്ചിട്ടും തിരുവാതിരസംഘമോ, ഉൽസവക്കമ്മറ്റിയോ ഒരു ഖേദ പ്രകടനംപോലും നടത്താതെ അടുത്ത പരിപാടിയിലേക്ക് കടന്നതും വിമര്‍ശനത്തിന് കാരണമായി. ഏറ്റുമാനൂരപ്പന്‍റെ ഭക്തനായ സോമശേഖരന്‍നായര്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം വൈറലായിരിക്കുകയാണ്. 


സോമശേഖരന്‍നായരുടെ ഫേസ്ബുക്ക് കുറിപ്പില്‍ ആദ്യം തിരുവാതിരകളി സംഘത്തിന്‍റെ പേര് തെറ്റായാണ് എഴുതിയത്. ഇത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. പിന്നാലെ ഇദ്ദേഹം സംഘത്തിന്‍റെ പേര് പോസ്റ്റില്‍ നിന്നും ഒഴിവാക്കി. ഇദ്ദേഹത്തിന്‍റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് അഭിപ്രായമെഴുതുന്നത്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ...



"ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഇന്ന് ( നോട്ടീസനുസരിച്ച് തിരുവാതിര സംഘത്തിന്റെ പേര് ചേർത്തു. പരാതികളും പരിഭവങ്ങളും വരുന്നതിനാൽ സംഘത്തിന്റെ പേര് ചേർക്കുന്നേയില്ല,എങ്കിലും മന്നം ബാലസമാജ കുരുന്നുകളുടെ ഹൃദ്യമായ തിരുവാതിരയ്ക്കു് തൊട്ടം മുമ്പു നടന്ന തിരുവാതിര സംഘം) അവതരിപ്പിച്ച പിന്നൽതിരുവാതിരകളിയിൽ പരിശീലനക്കുറവുകൊണ്ടായിരിക്കാം, തിരുവാതിരയറിയാത്തവർക്കുപോലും അരോചകം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു. പിന്നൽ തിരുവാതിരയ്ക്കിടെ കുരുങ്ങിയ കയർ തിരിച്ചഴിക്കാൻ വയ്യാതെ സങ്കടപ്പെട്ടുനിന്ന സംഘത്തെ സഹായിക്കാൻ ബംഗാളി ഏണി വച്ച് കേറി കയറഴിച്ചു. മലയാളിക്കു പറ്റാത്തത് ബംഗാളിക്കു സാധിച്ചു എന്ന് സ്വയം സാക്ഷിപ്പെടുത്തിയ യോഗ്യതാപത്രത്തോടെ നെഞ്ചും വിരിച്ച് ബംഗാളി താഴെയിറങ്ങി. സോഷ്യൽ മീഡിയയുടെ അതിപ്രപ്രസരവും അതിലുപരി ലൈവ് ടെലികാസ്റ്റുമുള്ള ഇക്കാലത്തെ ഒരു സ്റ്റേജിൽ പരിപാടികൾ അവതരിപ്പിക്കുമ്പോൾ അല്പം കൂടി ശ്രദ്ധ പുലർത്തേണ്ടതുണ്ട്. തിരുവാതിരസംഘമോ, ഉൽസവക്കമ്മറ്റിയോ ഒരു ഖേദ പ്രകടനംപോലും നടത്താതെ അടുത്ത പരിപാടിയിലേക്ക് കടക്കുകയും ചെയ്തിരന്നു.


ദേവസ്വം ബോർഡിനോട് ഒരപേക്ഷ കൂടിയുണ്ട്. കൂണു കിളിർത്തതുപോലെ ധാരാളം കലാകേന്ദ്രങ്ങൾ നമ്മുടെ നാട്ടിലുണ്ട്.ഇവരിൽ ഒരു പേരിനായി സ്റ്റേജിൽ ഒന്നുകേറി നിൽക്കാമെന്നു കരുതുന്ന ഒരു വിഭാഗവമുണ്ട് ,രാഷ്ട്രീയ ബന്ധങ്ങളോ ,വ്യക്തിബന്ധങ്ങളോ കണക്കിലെടുത്ത് ക്ഷേത്രാങ്കണത്തിൽ പരിപാടികൾക്കായി ആർക്കും അവസരം കൊടുക്കരുത്.കഴിവുള്ളവരെ പിൻതള്ളി കഴിവു കുറഞ്ഞവർക്ക് പരിപാടിക്കായി അവസരം കൊടുക്കുമ്പോൾ ഉണ്ടാകുന്ന പരാജയങ്ങൾ ഭക്തർക്കും, മറ്റ് കലാപ്രതിഭകൾക്കും മനോവിഷമം ഉണ്ടാക്കുന്നതാണ്. ആയതിനാൽ വരും കാലങ്ങളിൽ ഒരു സെലക്ഷൻ ടീം രൂപീകരിച്ച് സ്പോൺസർമാരുടെ ചിലവിൽ ഉത്സവത്തിനു മുമ്പേ ഒരു റിഹേഴ്സൽ നടത്തേണ്ടതാണ്. (റിപ്പബ്ലിക് ദിനാഘോഷപരേഡിൽ പോലും ജനു: 26 ന് മുമ്പേ രാഷ്ട്രപതി, പ്രധാനമന്ത്രി ,ചീഫ് ഗസ്റ്റ് എന്നിവരില്ലാതെ പൂർണ്ണ റിഹേഴ്സൽ നടത്താറുണ്ട്.) പിഴവുകൾ ആർക്കും സംഭവിക്കാം,ഈ post ലൂടെ തിരുവാതിരകളി സംഘത്തെ ആക്ഷേപിച്ചു എന്നു കരുതരുത്. വിമർശനങ്ങളിലൂടെ മാത്രമേ പിഴവുകൾ തിരുത്താനാകൂ. ഈ തിരുവാതിര സംഘത്തിന് അടുത്തവർഷം ഏറ്റുമാനൂരപ്പന്റെ തിരുമുറ്റത്ത് നല്ല ഒരു പരിപാടി അവതരിപ്പിക്കുവാൻ ഭഗവാൻ അനുവദിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K