07 February, 2019 06:04:52 PM


ഏറ്റുമാനൂര്‍ ഉത്സവത്തിന് ഭക്തിനിര്‍ഭരമായ കൊടിയേറ്റം; ഉത്സവബലി ദര്‍ശനം നാളെ മുതല്‍




ഏറ്റുമാനൂര്‍ : ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂര്‍  മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. വ്യാഴാഴ്ച രാവിലെ 9.40 ന് കൊടിമരചുവട്ടില്‍ ആരംഭിച്ച ചടങ്ങുകളെ തുടര്‍ന്ന് നടന്ന കൊടിയേറ്റിന് തന്ത്രിമാരായ താഴമണ്‍ മഠത്തില്‍ കണ്ഠര് മോഹനര്, മഹേശ് മോഹനര് മേല്‍ശാന്തി വാരിക്കാട് കേശവന്‍ സത്യേഷ് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. നെറ്റിപട്ടം കെട്ടിയ ഗജവീരന്മാരുടെയും ചോറ്റാനിക്കര സുഭാഷ് നാരായണമാരാരുടെ നേതൃത്വത്തില്‍ നടന്ന പഞ്ചവാദ്യത്തിന്‍റെയും അകമ്പടിയോടെ കൊടിയേറ്റ് നടന്നപ്പോള്‍ ഭക്തജനങ്ങള്‍ പഞ്ചാക്ഷരമന്ത്രം ഉരുവിട്ടും വെറ്റിലപറപ്പിച്ചും ഉത്സവത്തെ വരവേറ്റു.

കൊടിയേറ്റിനു ശേഷം നടക്കുമെന്ന് അറിയിച്ചിരുന്ന സാംസ്കാരിക സമ്മേളനം യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെയും മെമ്പര്‍മാരുടെയും കമ്മീഷണറുടെയും അഭാവത്തില്‍ ശുഷ്കമായി മാറി. കലാപരിപാടികളുടെ ഉദ്ഘാടനം ഉപദേശക സമിതി ചെയര്‍മാന്‍ അഡ്വ. എ.എസ്.പി.കുറുപ്പ് നിര്‍വ്വഹിച്ചു. പിന്നാലെ പോലീസ് എയ്ഡ് പോസ്റ്റിന്‍റെ ഉദ്ഘാടനം  ഡിവൈഎസ്പി ശ്രീകുമാറും അഭയ ഹെല്‍പ്പ് ഡസ്കിന്‍റെ ഉദ്ഘാടനം മുന്‍ എംഎല്‍എ വി.എന്‍.വാസവനും നിര്‍വ്വഹിച്ചു. 

ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം ഫെബ്രുവരി 14നാണ്. 16ന് ആറാട്ടോടെ ഉത്സവം സമാപിക്കും. രണ്ടാം ദിവസമായ വെള്ളിയാഴ്ച മുതല്‍ ഒമ്പതാം ദിവസം വരെയാണ് ഉത്സവത്തിന്‍റെ പ്രധാന ചടങ്ങുകളില്‍ ഒന്നായ ഉത്സവബലിദര്‍ശനം. നാളെ രാത്രി പന്ത്രണ്ടിനാണ് കൊടിക്കീഴില്‍ വിളക്ക്.

ഉത്സവപരിപാടികള്‍ നാളെ


രാവിലെ 5.00: പ്രഭാതകീര്‍ത്തനം,7.00: ശ്രീബലി, 10.00: ഓട്ടന്‍തുള്ളല്‍-ശരണ്യ രാജേന്ദ്രന്‍, 11.00: സംഗീതസദസ്സ്, 1.00: ഉത്സവബലിദര്‍ശനം,1.45: ഭജന്‍സ്, 2.45 ശിവകുടുംബം ഭക്തി ഗാനാര്‍ച്ചന, 3.30: പിന്നല്‍ തിരുവാതിര, 4.00 തിരുവാതിരകളി, വൈകിട്ട് 5.00: കാഴ്ചശ്രീബലി - വേല, സേവ, 8.30: നൃത്തനൃത്യങ്ങള്‍, 9.30: ശാസ്ത്രീയ നൃത്തങ്ങള്‍, 10.30 നൃത്തനിശ, 11.30 ഭരതനാട്യം- കൃഷ്ണേന്ദു പറവൂര്‍, 12.00: കോടിക്കീഴില്‍ വിളക്ക് , മേജര്‍ സെറ്റ് പഞ്ചവാദ്യം - കുടമാളൂര്‍ മുരളീധരന്‍മാര്‍ & പാര്‍ട്ടി, 2.00 നൃത്ത നാടകം (സര്‍പ്പസത്രം - മുദ്ര പത്തനംതിട്ട)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K