04 February, 2016 03:53:30 AM


ആസ്ഥാനമണ്ഡപത്തിലെ ദർശനസായൂജ്യം

ഏറ്റുമാനൂരമ്പല മതിൽക്കെട്ടിനകത്തെ ആസ്ഥാനമണ്ഡപം ഒരു പുണ്യസ്ഥലമാണ്. ഏറ്റുമാനൂരപ്പന്റെ എഴുന്നെള്ളിപ്പു കാണാൻ ആയിരങ്ങളാണ് അതിനുമുന്നിൽ ഒഴുകിയെത്തുന്നത്. ശബരിമലയിൽ മകരവിളക്കും  ഗുരുവായൂരിൽ വാകച്ചാർത്തും  വൈക്കത്ത് അഷ്ടമിയും ഒക്കെ  കാണാൻ വരുന്നതുപോലെതന്നെ ഭക്തിസാന്ദ്രമാണ് ആസ്ഥാനമണ്ഡപത്തിലെ ഏഴര പൊന്നാന ദർശനവും .എട്ടാം ഉത്സവത്തിനു കുരുത്തോല, തളി വെറ്റില, പൂക്കില, ആലില, മാവില തേങ്ങാപ്പൂളുകൾ ,ചെന്തെങ്ങിൻ കുലകൾ തുടങ്ങിയവയാൽ മണ്ഡപം അലങ്കരിക്കും.നിറപറയും നിലവിളക്കുകളും സുവർണ്ണ  പീഠവും  ഒക്കെ നയനാനന്ദകരമാകും. ചന്ദനത്തിരികളുടെ, അഷ്ടഗന്ധത്തിന്റെ സൌരഭ്യം കർപ്പൂരദീപങ്ങളുടെ കമനീയ കാന്തി.ആലവട്ടം വെഞ്ചാമരം എന്നിവയോടെ ഏഴരപ്പൊന്നാകളുടെ സാമീപ്യത്തിൽ ഭഗവാന്റെ വിഗ്രഹ ദർശനം. രത്നഹാരകേയൂരാംഗദഭൂഷിതനായ ഭഗവാനെ ഒരുനോക്കു കാണാൻ മണിക്കൂറുകൾ വരി നിന്നു വന്നു തൊഴുന്ന ഭക്തർ സായൂജ്യം നേടുന്നു.ശ്രീകോവിലല്ലാത്ത ഈ മണ്ഡപം ശ്രീകോവിൽപോലെ പവിത്രമാകുന്ന നിമിഷങ്ങളാണ്. അതിനാൽ  ക്ഷേത്രത്തിൽ വരുന്നവർ  ഉപദേവകൾക്കൊപ്പം ആസ്ഥാനമണ്ഡപത്തിനുമുമ്പിലും  തൊഴുതു നിൽക്കാറുണ്ട് .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K