30 January, 2019 09:08:57 PM
ഏറ്റുമാനൂരില്‍ കൊടിയേറ്റ് 7ന്; പരിപാടികള്‍ പുറത്തറിയാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം

ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 7ന് കൊടിയേറി 16ന് ആറാട്ടോടെ സമാപിക്കും. 7ന് രാവിലെ 9.30നും 10.30നും മധ്യേ തന്ത്രി കണ്ഠര് രാജീവരിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലും മേല്‍ശാന്തി വാരിക്കാട് കേശവന്‍ സത്യേഷിന്‍റെ സഹകാര്‍മ്മികത്വത്തിലും കൊടിയേറ്റ് നടക്കും. 14നാണ് പ്രസിദ്ധമായ ഏഴരപൊന്നാനദര്‍ശനം.
ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ ഏതാണ്ട് പൂര്‍ണ്ണമായെങ്കിലും അവ എന്തെന്ന് പുറത്തുവിടുവാന്‍ ദേവസ്വം അധികൃതര്‍ തയ്യാറാവുന്നില്ല. നോട്ടീസ് തയ്യാറാക്കുന്ന പ്രസിലും മറ്റും പരിപാടികളുടെ വിവരങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ കര്‍ശനനിര്‍ദ്ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. പതിവുപോലെ കൊടിയേറ്റിനു പിന്നാലെ നോട്ടീസ് വിതരണം ചെയ്യുമ്പോള്‍ മാത്രം ഭക്തര്‍ വിവരങ്ങള്‍ അറിഞ്ഞാല്‍ മതിയെന്ന നിലപാടിലാണ് ഈ വര്‍ഷവും കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള പ്രധാന ക്ഷേത്രമായ ഏറ്റുമാനൂരില്‍ മാത്രമാണ് ഉത്സവം കൊടിയേറിയ ശേഷം നോട്ടീസ് ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. തൊട്ടടുത്ത മേജര്‍ ക്ഷേത്രങ്ങളായ വൈക്കം, തിരുനക്കര എന്നിവിടങ്ങളിലൊക്കെ ഉത്സവം ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്കുമുമ്പേ ഭക്തജനങ്ങള്‍ക്ക് നോട്ടീസ് ലഭ്യമാക്കും. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന രീതിയാണിതെന്നും തനിക്കതില്‍ അഭിപ്രായം പറയാനാകില്ലെന്നുമാണ് ഇതേപറ്റി ചോദിച്ചപ്പോള്‍ ഹൈക്കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷന്‍ എ.എസ്.പി കുറുപ്പ് പറഞ്ഞത്.
കൊടിയേറ്റിന് രണ്ട് ദിവസം മുമ്പ് നടത്തുന്ന പത്രസമ്മേളനത്തിലാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഉത്സവപരിപാടികള്‍ സാധാരണ വിശദമാക്കാറുള്ളത്. മാത്രമല്ല, വൈക്കം, തിരുനക്കര എന്നിവിടങ്ങളില്‍ ക്ഷേത്ര ഉപദേശകസമിതിയാണ് ഉത്സവം നടത്തുന്നതെന്നും ഏറ്റുമാനൂരില്‍ ദേവസ്വം ബോര്‍ഡ് നേരിട്ടാണ് ഉത്സവം നടത്തുന്നതെന്നും എഎസ്പി കുറുപ്പ് പറഞ്ഞു. അങ്ങനെയെങ്കില്‍ ഏറ്റുമാനൂരില്‍ ഉപദേശക സമിതി എന്തിന് എന്ന ചോദ്യവുമായി വിവിധ ഹൈന്ദവസംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം ഉത്സവത്തിന് മുമ്പ് നടക്കാറുള്ള മരാമത്തുപണികള്‍ ധൃതഗതിയില്‍ നടക്കുകയാണ്. ക്ഷേത്രമൈതാനവും ടെമ്പിള്‍ റോഡിനിരുവശവും കച്ചവടം നടത്തുന്നതിനുള്ള അവകാശം 22 ലക്ഷം രൂപയ്ക്ക് കഴിഞ്ഞ ദിവസം ലേലം ചെയ്തു നല്‍കി. ക്ഷേത്രത്തിലെ ക്ലാവ് പിടിച്ചതുള്‍പ്പെടെയുള്ള വിളക്കുകള്‍ മോടി കൂട്ടുന്നതിനുള്ള ജോലികളും ആരംഭിച്ചു. ഉത്സവത്തിന് മുന്നോടിയായി കാണിക്കകള്‍ കഴിഞ്ഞ ദിവസം എണ്ണി തിട്ടപ്പെടുത്തിയിരുന്നു.