16 November, 2019 05:56:00 PM
മഹാകവി പാലായെ ഒടുവിൽ കുട്ടികൾ തിരിച്ചറിഞ്ഞു; ഏഷ്യാനെറ്റിലെ "മുൻഷി "!
- സുനില്‍ പാലാ

പാലാ: കേരളം രൂപപ്പെടുന്നതിനും മുമ്പ് ഐക്യകേരളം വളരുന്നതിനെക്കുറിച്ച് എഴുതിയ പാലാക്കാരനായ ഒരു മഹാകവി ഉണ്ട് നമുക്ക്, നിങ്ങൾക്ക് അദ്ദേഹത്തിന്‍റെ പേര് പറയാമോ....? വിദ്യാഭ്യാസ വകുപ്പിന്‍റെ "പ്രതിഭകളോടൊപ്പം" പരിപാടിയിൽ പങ്കെടുക്കാനായി തന്‍റെ വസതിയിലെത്തിയ ഹൈസ്കൂൾ വിദ്യാർത്ഥികളോടായിരുന്നൂ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗത്തിൽ നിന്നും വിരമിച്ച സാംസ്ക്കാരിക പ്രവർത്തകന്‍റെ ചോദ്യം.
പക്ഷേ ഈ ചോദ്യത്തിന് ഉത്തരം പറയാൻ പാലാ നഗരത്തിനടുത്തുള്ള ഹൈസ്കൂൾ വിദ്യാർത്ഥികളിൽ ആർക്കും കഴിഞ്ഞില്ല. മഹാകവിയെ അറിയാത്ത പുതുതലമുറയുടെ നിലവാരമോർത്ത് ആശ്ചര്യവും സങ്കടവും മാറി മാറിത്തെളിഞ്ഞ മുഖത്തോടെ സംസ്ക്കാരിക പ്രവർത്തകൻ, മഹാകവിയുടെ ഒരു പുസ്തകത്തിന്‍റെ പുറംചട്ടയിലുണ്ടായിരുന്ന കവിയുടെ ഫോട്ടോ കുട്ടികളെ കാണിച്ചിട്ട്, ഇദ്ദേഹത്തെ അറിയുമോ എന്ന് ചോദ്യം ആവർത്തിച്ചു.
" അറിയാം, ഏഷ്യാനെറ്റിലെ ''മുൻഷി " അല്ലേ...? ഒരു ഹൈസ്ക്കൂൾ വിദ്യാർത്ഥിയുടെ പെട്ടെന്നുള്ള മറുപടി കേട്ട് സാംസ്ക്കാരിക നായകൻ ഞെട്ടി. കുട്ടികളോടൊപ്പം വന്ന അധ്യാപകരിലേക്ക് ഇദ്ദേഹത്തിന്‍റെ നോട്ടം ചെന്നതോടെ ലജ്ജയും ദൈന്യതയും കലർന്ന മുഖം അവരും കുനിച്ചു.
''എനിക്കറിയാം സാർ കവി കുഞ്ഞുണ്ണിയാണിത്. " എവിടെയോ കേട്ട അറിവു വെച്ച് മറ്റൊരു വിദ്യാർത്ഥിയും ഉറക്കെ ഉത്തരം പറഞ്ഞതോടെ സാംസ്കാരിക നായകന്‍റെ സ്വരമുയർന്നു.
"നിർത്ത്, നിർത്ത്, നിങ്ങൾ പറഞ്ഞ ഉത്തരമൊക്കെ തെറ്റാണ്. മഹാകവി പാലാ നാരായണൻ നായരാണ് ഇത്. ഉത്തരം അറിയാതെയും, തെറ്റിച്ചും പറഞ്ഞ നിങ്ങളെ ഞാൻ കുറ്റപ്പെടുത്തുന്നില്ല മക്കളേ, കേവലം പാഠപുസ്തകത്തിനപ്പുറം മറ്റൊന്നും നിങ്ങൾക്ക് പറഞ്ഞു തരാത്ത അധ്യാപക വർഗ്ഗത്തോടാണ് എന്‍റെ നീരസവും, അമർഷവും." ഉന്നത ഉദ്യോഗസ്ഥൻ തുറന്നടിച്ചതോടെ "പ്രതിഭയോടൊപ്പം" കൂടാൻ വിദ്യാർത്ഥികൾക്ക് ഒപ്പമെത്തിയ അധ്യാപകർ ചൂളി. ഒരുതരത്തിൽ പരിപാടി നടത്തിയെന്നു വരുത്തി കുട്ടികളേയും കൂട്ടി അധ്യാപകർ, സാംസ്കാരിക നായകന്‍റെ സന്നിധിയിൽ നിന്നും സ്ഥലം വിട്ടു.
കുട്ടികൾ പോയി കഴിഞ്ഞ ഉടൻ ഇദ്ദേഹം പാലാ സഹൃദയ സമിതി നേതാക്കളെ വിളിച്ചു, പുതു തലമുറയിൽ നിന്നും തനിക്കുണ്ടായ "ഭീകരമായ " അറിവ് വിവരിച്ച സാംസ്ക്കാരിക നായകൻ, നമ്മുടെ നാട്ടിലെ മഹാകവികളെയും പ്രതിഭകളേയും കുട്ടികൾക്ക് പരിചയപ്പെടുത്താൻ ഓരോ സ്കൂളിലും പ്രത്യേകം ക്ലാസ്സുകളെടുക്കാൻ സമിതിയോടാവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ടിട്ടാണെങ്കിലും ഇതിനുള്ള അനുവാദം വാങ്ങിത്തരാമെന്നും അതിനു വേണ്ടി വരുന്ന പണച്ചിലവു മുഴുവൻ തന്നുകൊള്ളാമെന്നും വാഗ്ദാനം ചെയ്ത ഇദ്ദേഹത്തിന്‍റെ ആത്മഗതവും ഒടുവിൽ; " "അങ്ങിനെയെങ്കിലും നമ്മുടെ നാട്ടിലെ പ്രതിഭകളെ കുട്ടികളൊന്ന് അറിയട്ടെ, അവരുടെ അധ്യാപകരും."






