15 March, 2020 01:02:14 PM
കോവിഡ്-19 തടയാന്‍ മാന്ത്രിക കല്ലുകള്‍; ആള്‍ദൈവം 'കൊറോണ ബേല്‍ ബാബ' അറസ്റ്റില്‍

ലഖ്‌നൗ: കൊറോണ വൈറസ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട വ്യാജ ആള്‍ ദൈവം അറസ്റ്റില്‍. രാജ്യത്തെ കൊറോണ വൈറസിന്‍റെ വ്യാപനം എല്ലാവരേയും ഭീതിയിലാഴ്ത്തുന്ന സാഹചര്യത്തിലാണ് മാന്ത്രികകല്ലുകളുടെ വില്‍പ്പനയുമായി ആള്‍ദൈവം രംഗപ്രവേശം ചെയ്തത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് തന്‍റെ കൈവശമുള്ള മാന്ത്രിക കല്ലുകള്‍ ഉപയോഗിച്ചാല്‍ മതിയെന്ന് പറഞ്ഞ ഇയാള്‍ ഒരു കല്ലിനായി ഭക്തരില്‍ നിന്നം വാങ്ങുന്നത് 11 രൂപയാണ്. കൊറോണ വൈറസിനെ മറികടക്കാന്‍ തന്‍റെ കയ്യില്‍ ഒരു മാന്ത്രിക മരുന്ന് ഉണ്ടെന്ന് ഇയാള്‍ സ്ഥാപനത്തിന്‍റെ പുറത്ത് ഒരു ബോര്‍ഡും വച്ചിട്ടുണ്ട്.
നിങ്ങള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും തന്‍റെ കൈവശമുള്ള മാന്ത്രികകല്ലുകള്‍ ധരിച്ചാല്‍ മതിയെന്നുമാണ് ഇയാളുടെ വാദം. ഇത് വിശ്വസിച്ച് നൂറ് കണക്കിന് ആളുകളാണ് ഇയാളുടെ കടയില്‍ എത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കൊറോണ ബേല്‍ ബാബയെന്നാണ് ഇയാള്‍ സ്വയം വിളിക്കുന്നതെന്നും ധാരാളം നിരപരാധികളെ ഇയാള്‍ കബളിപ്പിച്ചെന്നും പോലീസ് പറയുന്നു. കൊറോണയെ നേരിടാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണമെന്ന് അറിയാത്ത ഒട്ടേറെ പേര്‍ ഇത്തരം അബദ്ധങ്ങളിലും വ്യാജ പ്രചരണങ്ങളിലും ചെന്നു ചാടുന്നുണ്ട്.






