29 April, 2020 05:39:54 PM
പിടി തരാതെ കോവിഡ് വ്യാപനം; കൊല്ലവും തിരുവനന്തപുരവും വീണ്ടും ആശങ്കയിൽ

തിരുവനന്തപുരം: ദിവസേന പെരുകുന്ന കോവിഡ് കേസുകള്‍ കേരളത്തെ ആശങ്കയിലാഴ്ത്തുന്നു. ഇന്ന് റിപ്പോർട്ട് ചെയ്ത പത്തു കേസുകളിൽ എട്ടെണ്ണം കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്. ഇതിൽ ആറെണ്ണം കൊല്ലത്തും രണ്ടെണ്ണം തിരുവനന്തപുരത്തുമാണ്. കൊല്ലത്ത് അഞ്ചുപേർക്ക് സമ്പർക്കത്തിലൂടെയും ആന്ധ്രാപ്രദേശിൽനിന്ന് വന്ന ഒരാൾക്കുമാണ് രോഗം പിടിപെട്ടത്. തിരുവനന്തപുരത്ത് തമിഴ്നാട്ടിൽനിന്ന് വന്നവരിലാണ് രോഗം പിടിപെട്ടത്. ഇതോടെ കൊല്ലവും തിരുവനന്തപുരവും വീണ്ടും ആശങ്കയുടെ നിഴലിലായി.
കേരളത്തിൽ ഏറ്റവുമൊടുവിൽ കോവിഡ് റിപ്പോർട്ട് ചെയ്ത ജില്ലയാണ് കൊല്ലം. ഇടയ്ക്ക് രോഗം റിപ്പോർട്ട് ചെയ്യുന്നത് ഇല്ലാതായെങ്കിലും കുളത്തുപ്പുഴയിൽ തമിഴ്നാട് സ്വദേശിയിലും ചാത്തന്നൂർ ആരോഗ്യപ്രവർത്തകയിലും രോഗം കണ്ടെത്തിയതാണ് ഇപ്പോൾ സ്ഥിതിഗതികൾ ആശങ്കാജനകമാക്കുന്നത്. കോവിഡ് ബാധിച്ച് പോത്തൻകോട് സ്വദേശി മരിച്ച തിരുവനന്തപുരം ജില്ലയിൽ ഏറെ നാളുകൾക്കുശേഷം കഴിഞ്ഞ ദിവസമാണ് ഒരാളിൽ രോഗം കണ്ടെത്തിയത്. വർക്കല സ്വദേശിയിലാണ് രോഗം സ്ഥരീകരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഒറ്റയടിക്ക് ഗ്രീന്‍ സോണില്‍നിന്ന് റെഡ് സോണായി മാറിയ കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് നേരിയ ആശ്വാസത്തിന് വകയൊരുക്കിയിട്ടുണ്ട്.







