08 June, 2020 12:29:34 PM


കോപ്പിയടി ആരോപണം: കാണാതായ പെൺകുട്ടിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി



പാലാ: ചേർപ്പുങ്കലിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ ചെമ്പിളാവ് ഭാഗത്ത് നിന്നും കണ്ടെത്തി. ശനിയാഴ്ച വൈകിട്ടാണ് കാഞ്ഞിരപ്പള്ളി  പാറത്തോട് സ്വദേശിനിയായ അഞ്ജു ഷാജിയെ കാണാതായത്. ചേർപ്പുങ്കൽ ഹോളി ക്രോസ് കോളജിൽ പരീക്ഷക്ക്  പോയതാണ് പെണ്‍കുട്ടി. കാഞ്ഞിരപ്പള്ളി സെന്‍റ് ആൻറണിസ് കോളജ് വിദ്യാർത്ഥിനിയായ പെൺകുട്ടി പരീക്ഷക്കിടെ കോപ്പിയടിച്ചതായി ആരോപണമുന്നയിക്കുകയും തുടർന്നു പരീക്ഷ എഴുതണ്ടായെന്ന് ഹോളിക്രോസ് കോളജ് അധ്യാപകൻ അറിയിച്ചതായും പറയുന്നു. 


വൈകിയും കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പരാതി കിടങ്ങൂർ പൊലീസിനു കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ബാഗ് ചേർപ്പുങ്കൽ മീനച്ചിൽ ആറ്റിലെ പാലത്തിനു സമീപത്തു നിന്നും ലഭിച്ചു. മൊബൈല്‍ ഫോണും പഴ്സും ബാഗില്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടി പുഴയുടെ അടുത്തേക്ക് നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ചയും ഞായറാഴ്ചയും അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും കൂടി മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിങ്കളാഴ്ച  ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K