26 June, 2020 08:54:19 PM


കൈക്കൂലി: കോഴിക്കോട് ചേവായൂർ മുന്‍ സബ് രജിസ്ട്രാർക്ക് 7 വർഷം കഠിന തടവ്



കോഴിക്കോട്: കൈക്കൂലിക്കേസിൽ മുന്‍ സബ് രജിസ്ട്രാർക്ക് ഏഴ് വർഷം കഠിന തടവ്. ചേവായൂർ സബ് രജിസ്ട്രാറായിരുന്ന പി.കെ.ബീനയെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്. അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴയുമൊടുക്കണം.  2014 ലാണ് ചേവായൂർ സ്വദേശി ഭാസ്ക്കരൻ നായരിൽ നിന്ന് ബീന അയ്യായിരം രൂപ കൈക്കൂലി വാങ്ങിയത്. ആധാരമെഴുത്തുകാരനും റിട്ട. വില്ലേജ് ഓഫീസറുമായ ഭാസ്‌കരന്‍ നായരോട് ആധാരത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നു.


സബ് രജിസ്ട്രാര്‍ ആവശ്യപ്പെട്ട പണംനല്‍കുന്നതിന് മുന്‍പ് ഭാസ്‌കരന്‍ വിജിലന്‍സില്‍ പരാതി നല്‍കി. ബീനയ്ക്ക് നല്‍കാന്‍ വിജിലന്‍സ് ഫിനോഫ്ത്തലിന്‍ പുരട്ടിയ ആയിരത്തിന്റെ അഞ്ചുനോട്ടുകള്‍ ഭാസ്കരന് നല്‍കി. തൊട്ടുപിന്നാലെ വിജിലന്‍സ് ഡി.വൈ.എസ്.പി പ്രേംദാസിന്‍റെ നേതൃത്വത്തില്‍ ഓഫീസിലെത്തിയ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ സബ് രജിസ്ട്രാറുടെ കൈയില്‍ ഫിനാഫ്ത്തലിന്‍ സാന്നിധ്യം കണ്ടെത്തി. എന്നാല്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്ന നിലപാടില്‍ ബീന ഉറച്ചു നിന്നു. തുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ നടത്തിയ തിരച്ചിലില്‍ റെക്കോര്‍ഡ് റൂമില്‍ രജിസ്റ്ററുകള്‍ക്കിടയില്‍നിന്ന് പണം കണ്ടെത്തുകയായിരുന്നു.

കൈക്കൂലി വാങ്ങിയതിന് ഏഴും പണം ആവശ്യപ്പെട്ടതിന് നാലും വർഷമാണ് ശിക്ഷ. രണ്ടിലുമായി ഏഴ് വർഷത്തെ കഠിന തടവാണ് ജഡ്ജി കെ.വി.ജയകുമാർ വിധിച്ചത്. വിധി കേട്ട് തളർന്നുവീണ ബീനയെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം ക്വറന്‍റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി. പബ്ലിക്ക് പ്രോസിക്യൂട്ടർ ബി ശശി വാദി ഭാഗത്തിനായി ഹാജരായി. അനധികൃത സ്വത്ത് സമ്പാദനക്കേസിലും ബീനക്കെതിരെ അന്വേഷണമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K