02 August, 2020 04:32:18 PM
പഞ്ചാബ് വിഷമദ്യ ദുരന്തം; മരണം 86 ആയി; പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കാതെ ബന്ധുക്കള്‍

പഞ്ചാബ്: പഞ്ചാബില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി. കൃത്യമായ കണക്കുകള്‍ ഇനിയും ലഭിക്കാനുണ്ട്. മരിച്ച പലരുടെയും ബന്ധുക്കള്‍ ഇനിയും കാരണം വെളിപ്പെടുത്താനോ പോസ്റ്റ്മാര്‍ട്ടം നടത്താനോ അനുവദിച്ചിട്ടില്ല. ഇതുമൂലം പോലീസിന് ഇനിയും കൃത്യമായ കണക്കെടുക്കാന്‍ സാധിച്ചിട്ടില്ല. ബുധനാഴ്ച മുതലാണ് വ്യാജമദ്യ ദുരന്തം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. അമൃത്സര്‍, ബത്‌ല, താന്‍ തരണ്‍ എന്നീ ജില്ലകളിലാണ് വിഷമദ്യം വിതരണം ചെയ്തതെന്നാണ് വിവരം. സംഭവത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതുവരെ ഒരു സ്ത്രീ ഉള്‍പ്പെടെ 25ഓളം പേര്‍ അറസ്റ്റിലായി. എത്രപേര്‍ വിഷമദ്യം കഴിച്ചുവെന്ന് ഇനിയും അറിയാനായിട്ടില്ല. മരിക്കുന്നവരുടെ സംസ്‌കാരം നടത്താന്‍ ബന്ധുക്കള്‍ തിടുക്കം കൂട്ടുകയാണ്. അതേ സമയം, മന്ത്രിമാര്‍ ഉള്‍പ്പെടെ വിഷമദ്യ നിര്‍മാണത്തിന് ഒത്താശ ചെയ്യുന്നുവെന്ന് ശിരോമണി അകാലിദളിന്റെ സുഖ്ബിര്‍ സിംഗ് ബാദല്‍ ആരോപിച്ചു. നിലവില്‍ മജിസ്‌ട്രേറ്റ് തലത്തിലുള്ള അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 7 എക്‌സൈസ് ഉദ്യോഗസ്ഥരെയും 6 പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു.






