11 August, 2020 12:24:09 PM
മൂന്നുവർഷം മുമ്പ് 'മരിച്ച' ഗൃഹനാഥ ഗൃഹപ്രവേശനത്തിന് അതിഥികളെ സ്വീകരിച്ചപ്പോള്‍

ബംഗളൂരു: പുതിയ വീടിന്‍റെ ഗൃഹപ്രവേശന ചടങ്ങിനെത്തിയ അതിഥികള്‍ തങ്ങളെ സ്വീകരിക്കാൻ കാത്തിരിക്കുന്ന ഗൃഹനാഥയെ കണ്ട് ഞെട്ടി. പിങ്കും സ്വർണ്ണനിറവും ഇടകലർന്ന സാരിയും ആവശ്യത്തിന് സ്വർണ്ണാഭരണങ്ങളും ധരിച്ച് ചെറുപുഞ്ചിരിയോടെ ഇരിക്കുന്ന ആ മധ്യവയസ്കയെ കണ്ട് എല്ലാവരും ഞെട്ടി എന്നു മാത്രമല്ല ഒന്നു ഭയക്കുകയും ചെയ്തുവെന്നതാണ് ശരി. മൂന്നു വർഷം മുമ്പ് ഒരു വാഹനാപകടത്തിൽ മരിച്ച ഗൃഹനാഥയെ നേരിട്ട് കണ്ടാല്‍ ആരും ഒന്ന് ഭയക്കും എന്നത് തന്നെ കാര്യം.
പക്ഷെ സൂക്ഷിച്ചു നോക്കിയവര്‍ക്ക് ഗൃഹനാഥയെ മനസിലായി. ചലനമില്ലാത്ത ഒരു സിലിക്കോൺ പ്രതിമയായിരുന്നു അത്. നഷ്ടമായ ഭാര്യയെ അവർ ഏറെ മോഹിച്ച ഗൃഹപ്രവേശന ചടങ്ങില്‍ ഇരുത്താൻ ഭർത്താവ് കണ്ടെത്തിയ വഴിയായിരുന്ന ഭാര്യയുടെ രൂപത്തിലുള്ള ആ പ്രതിമ. കർണാടക കൊപ്പൽ സ്വദേശിയായ വ്യവസായി ശ്രീനിവാസ മൂർത്തി എന്നയാളാണ് ജീവിതത്തിലെ പ്രധാന നിമിഷത്തിൽ ഒപ്പമില്ലാത്ത ഭാര്യയുടെ വിയോഗം മറികടക്കാൻ ഈ വഴി തെരഞ്ഞെടുത്തത്. 2017 ൽ ഒരു വാഹനാപകടത്തിലാണ് മൂർത്തിക്ക് ഭാര്യയായ മാധവിയെ നഷ്ടമായത്.
തിരുപ്പതിയിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ അപകടത്തിൽ ഇയാളുടെ രണ്ട് മക്കൾക്കും പരിക്കേറ്റിരുന്നു. എന്നാൽ മാധവിയുടെ മരണം കുടുംബത്തെ ആകെ തകർത്തു കളഞ്ഞു. തുടർന്നാണ് ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹമായ പുതിയ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രീനിവാസ മൂർത്തി ഇറങ്ങിത്തിരിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരുപത്തിയഞ്ചോളം ആർക്കിടെക്ടുമാരെ കണ്ടു. ഭാര്യയുടെ ഓർമ്മയ്ക്കായി നിർമ്മിക്കുന്ന ഈ ബംഗ്ലാവിൽ അവര്‍ക്കായി എന്തെങ്കിലും പ്രത്യേകമായി ചെയ്യണമെന്ന ഇയാളുടെ ആഗ്രഹത്തിനൊത്തുയരാൻ ഇവർക്ക് ആര്‍ക്കും കഴിഞ്ഞില്ല.
ഒടുവിൽ ഒരു സുഹൃത്തിന്‍റെ നിർദേശപ്രകാരം മഹേഷ് രങ്കണ്ണദവരു എന്ന ആർക്കിടെക്റ്റിന്‍റെ അരികിലെത്തി. മാധവിയുടെ അതേ രൂപത്തിലും വലിപ്പത്തിലും ഉള്ള പ്രതിമ വീട്ടിൽ സ്ഥാപിക്കാമെന്ന നിർദേശം ഇയാളാണ് മുന്നോട്ട് വച്ചത്. മഹേഷ് തന്നെയാണ് ബംഗളൂരുവിലെ ഏറ്റവും മികച്ച പാവ നിർമ്മാതാക്കളായ ഗോംബെ മനെയുടെ സേവനം ഏര്‍പ്പാടാക്കിയത്. നിരാശനാകേണ്ടി വരില്ലായെന്ന് ഉറപ്പു ലഭിച്ചതോടെ ഒരു വർഷം മുമ്പാണ് ഭാര്യയുടെ രൂപത്തിലെ പാവ നിർമ്മിക്കാൻ ശ്രീനിവാസ മൂർത്തി അവരെ ചുമതലപ്പെടുത്തിയത്. മാധവിയുടെ നിരവധി ചിത്രങ്ങള്‍ ഇതിനായി അയച്ചു കൊടുത്തിരുന്നു.
ഇക്കഴിഞ്ഞ ജൂലൈയിൽ വീടിന്‍റെ നിർമ്മാണം പൂര്‍ത്തിയായി. ആഗസ്റ്റ് എട്ടിന് ഗൃഹപ്രവേശന ചടങ്ങും നടന്നു. വീട്ടിൽ നിങ്ങൾക്കായി ഒരു സർപ്രൈസ് കാത്തിരിപ്പുണ്ടെന്ന് ക്ഷണിക്കുമ്പോൾ തന്നെ അതിഥികളെ അറിയിച്ചിരുന്നു. 'മാധവിയെ കണ്ടപ്പോൾ എല്ലാവരും ശരിക്കും അതിശയിച്ചു പോയി. അവർ ജീവനോടെ തിരികെയെത്തിയെന്ന് കുറച്ചു നേരത്തെക്കെങ്കിലും ചിലരെങ്കിലും വിശ്വസിച്ചു. ഒരു ബംഗ്ലാവ് എന്നത് എന്‍റെ ഭാര്യയുടെ സ്വപ്നമായിരുന്നു. ഇപ്പോൾ അതിൽ താമസിക്കാൻ അവൾ ഇല്ല. അവർ ഇപ്പോഴും ഇവിടെ ഉണ്ടെന്ന് ഊട്ടിയുറപ്പിക്കുന്നതിനുള ഒരു മാർഗമാണ് പ്രതിമ' ശ്രീനിവാസ് പറയുന്നു.






