25 September, 2020 05:51:02 PM


കോട്ടയം ജില്ലാ കളക്ടറുടെ അദാലത്ത് 9ന്: പരാതികൾ 29 ന് നൽകാം



കോട്ടയം: ജില്ലാ കളക്ടര്‍ എം.അഞ്ജന ഒക്ടോബർ ഒൻപതിന് നടത്തുന്ന ചങ്ങനാശേരി താലൂക്ക് തല  പരാതി പരിഹാര അദാലത്തിലേക്ക്  പരാതികൾ സമർപ്പിക്കാം.  വീടും സ്ഥലവും ലഭ്യമാക്കല്‍,  മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായ പദ്ധതി,  പ്രളയ ദുരിതാശ്വാസ ധനസഹായം,  റേഷന്‍ കാര്‍ഡ്, നിലം-തോട്ടം-പുരയിടം ഇനം മാറ്റം എന്നിവ ഒഴികെയുള്ള  പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. 


സെപ്റ്റംബര്‍ 29ന് രാവിലെ   10 നും  വൈകുന്നേരം നാലിനുമിടയിൽ  ചങ്ങനാശേരി  താലൂക്കിലെ  അക്ഷയ കേന്ദ്രങ്ങള്‍ വഴി  ഇ-ആപ്ലിക്കേഷന്‍ മുഖേന അപേക്ഷ  രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകളില്‍ വിശദ പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. നേരിട്ട് പരാതിക്കാരുമായി സംസാരിക്കേണ്ട കേസുകളിലാണ് ഒക്ടോബർ ഒമ്പതിന്  കളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തുക. വീഡിയോ കോണ്‍ഫറന്‍സിന്‍റെ സമയം അപേക്ഷകരെ ഫോണില്‍ അറിയിക്കും. നിര്‍ദ്ദിഷ്ട സമയത്ത് അപേക്ഷകര്‍ അതത് അക്ഷയ കേന്ദ്രങ്ങളില്‍ എത്തണം. 


തഹസില്‍ദാര്‍മാര്‍ ഉള്‍പ്പെടെയുള്ള  മറ്റ് ഉദ്യോഗസ്ഥര്‍ അതത് ഓഫീസുകളില്‍നിന്ന് അദാലത്തിൽ  പങ്കുചേരും. രജിസ്ട്രേഷനും വീഡിയോ കോണ്‍ഫറന്‍സും ഉള്‍പ്പെടെ അദാലത്തുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്  ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K