07 October, 2020 11:16:07 PM
ഹാർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി ഉൾപ്പെടെ നേതാക്കൾ ഗുജറാത്തിൽ വീട്ടുതടങ്കലിൽ

അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ അമിത് ചാവ്ഡ, വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ, സ്വതന്ത്ര എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി അടക്കമുള്ളവർ ഗുജറാത്ത് പോലീസ് തടങ്കലിൽ. ഹാത്രസിൽ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്കു നീതി ആവശ്യപ്പെട്ടു നടത്തുന്ന റാലിയിൽ പങ്കെടുക്കാനൊരുങ്ങവെയാണ് പോലീസ് ഇവരെ വീട്ടുതടങ്കലിലാക്കിയത്.
ജിഗ്നേഷ് മേവാനി തന്നെയാണു പോലീസ് തന്നെ തടവിലാക്കിയിരിക്കുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഗുജറാത്തിൽ ജനാധിപത്യത്തിന്റെ നാശമാണു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളെ കൂട്ടിയോജിപ്പിച്ചാണു പ്രതികാർ റാലിക്ക് ആഹ്വാനം ചെയ്തിരുന്നത്. കൊച്റബ് ആശ്രമം മുതൽ സബർമതി ആശ്രമം വരെയായിരുന്നു റാലി.






