03 February, 2021 07:15:01 PM


നീണ്ടൂരില്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം



ഏറ്റുമാനൂര്‍: നീണ്ടൂരില്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടനിര്‍മ്മാണ തൊഴിലാളിയും ചേര്‍ത്തല തിരുനല്ലൂര്‍ കുന്നത്ത് പത്മനാഭന്‍റെ മകനുമായ ബാബു കെ.പി. (53) ആണ് മരിച്ചത്.


ഇന്ന് വൈകിട്ട് 5.30ന് നീണ്ടൂര്‍ - കല്ലറ റോഡില്‍ പ്രാലേല്‍ പാലത്തില്‍ ആയിരുന്നു അപകടം. ബൈക്കിന്‍റെ ഹാന്‍ഡിലില്‍ ലോറി തട്ടിയതിനെതുടര്‍ന്ന് ബാബു റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. പിന്നാലെ ലോറിയുടെ പിന്‍ചക്രങ്ങള്‍ ബാബുവിന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ ടൈല്‍വിരിയ്ക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ക്കുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബാബു. പ്രാലേല്‍ പാലത്തില്‍ കയറിയതോടൊപ്പം എതിര്‍ദിശയില്‍നിന്നും വന്ന ലോറി ബാബുവിന്‍റെ ബൈക്കില്‍ തട്ടുകയായിരുന്നു.


തീര്‍ത്തും വീതി കുറഞ്ഞ പാലത്തില്‍ അപകടങ്ങള്‍ പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് അപകടങ്ങളുണ്ടായി. ഇതില്‍ പരിക്കേറ്റ രണ്ട് പേര്‍ക്ക് ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനായിട്ടില്ലെന്ന് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തോമസ് കോട്ടൂര്‍ പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K