09 May, 2021 11:10:06 PM


കുറ്റ്യാടിയില്‍നിന്ന് മോഷ്​ടിച്ച സ്വകാര്യബസുമായി കൊയിലാണ്ടി സ്വദേശി കുമരകത്ത് പിടിയിൽ



കോട്ടയം: കോഴി​ക്കോട്​ കുറ്റ്യാടിയില്‍നിന്ന് മോഷ്​ടിച്ച സ്വകാര്യബസുമായി കൊയിലാണ്ടി സ്വദേശിയെ കുമരകത്ത് പൊലീസ് പിടികൂടി. കവണാറ്റിന്‍കരയില്‍ ഞായറാഴ്ച രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് ബസും മോഷ്​ടാവും കുടുങ്ങിയത്. കൊയിലാണ്ടി ചെറുകൊല്ലിമിത്തല്‍ ബിനൂപാണ്​ (30) പിടിയിലായത്.


നാല് ജില്ല കടന്നെത്തിയ ബസ് റാന്നിയില്‍നിന്ന്​ അന്തര്‍ സംസ്ഥാന തൊഴിലാളികളെ കയറ്റാന്‍ പോകുകയാണെന്നാണ് പറഞ്ഞത്. സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെ മോഷ്​ടിച്ചതാണെന്ന് മനസ്സിലായി. ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് ബസ്​ മോഷണംപോയ വിവരം അദ്ദേഹം അറിയുന്നത്. KL18 Q 1107 നമ്പറിലുള്ള പീപീ എന്ന ബസ്​ ലോക്ഡൗണിനെ തുടര്‍ന്ന് കുറ്റ്യാടി ബസ് ​സ്​റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.


സമ്ബൂര്‍ണ ലോക്​ഡൗണ്‍ തുടങ്ങിയ ഇന്നലെ രാത്രി ഒമ്ബത് മണിയോടുകൂടിയാണ് ബസ്​ മോഷ്ടിച്ചത്​. കുമരകം ഇന്‍സ്പെക്ടര്‍ വി. സജികുമാര്‍, എസ്.ഐ എസ്​. സുരേഷ്, സി.പി.ഒമാരായ അനീഷ്, ബാഷ് എന്നിവര്‍ ചേര്‍ന്നാണ് ബസ് പിടികൂടിയത്. ബാറ്ററി മോഷണമടക്കമുള്ള കേസുകളില്‍ പ്രതിയാണ് ബിനൂപ്. ഇയാളെ കുറ്റ്യാടി പൊലീസിന് കൈമാറും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K