22 June, 2021 09:40:11 PM


സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം നല്‍കണം'; ചർച്ചയായി ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്



കോട്ടയം: സ്ത്രീധന പീഡനം തുടര്‍ക്കഥയാകുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ 2014ലെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം വാങ്ങുന്നില്ലെന്നത് ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള നിര്‍ദേശമാണ് അദ്ദേഹം  മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുന്നോട്ടുവെച്ചത്. സ്ത്രീധനത്തിന്‍റെ പേരിൽ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ പെൺകുട്ടി മരിക്കാനിടയായ സാഹചര്യത്തിൽ സ്ത്രീധന വിഷയം വീണ്ടും പൊതുസമൂഹത്തിൽ ചർച്ചയായിരിക്കുകയാണ്.  


വിവാഹിതരാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ വകുപ്പ് മേധാവിക്ക് സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു ഉമ്മന്‍ ചാണ്ടി അന്ന് മുന്നോട്ട് വച്ച നിർദേശം. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ് മുന്‍ മുഖ്യമന്ത്രിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്.


ഉമ്മന്‍ ചാണ്ടിയുടെ 2014 ലെ ഫേസ്ബുക്ക് കുറിപ്പ്:



വിവാഹിതരാകാന്‍ പോകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വിവാഹശേഷം തങ്ങള്‍ സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന്‌ സത്യവാങ്‌മൂലം അവരുടെ വകുപ്പ്‌ തലവന്‌ നല്‍കണം. ഈ സത്യവാങ്‌മൂലത്തില്‍ ഭാര്യയും അച്ഛനും ഭാര്യയുടെ പിതാവും ഒപ്പിട്ടിരിക്കണം. ഇത്‌ നിര്‍ബന്ധമായും നല്‍കേണ്ടതും ഈ രേഖ സ്‌ത്രീധനനിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതുമാണ്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K