03 August, 2021 02:56:57 PM


'സർക്കാർ ജോലി ജീവിതത്തിന്‍റെ അവസാനമല്ല'; യുവാക്കൾക്ക് ഹൈക്കോടതിയുടെ ഉപദേശം



കൊച്ചി: പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തലസ്ഥാനത്തു തുടരവെ യുവാക്കൾക്ക് ഉപദേശവുമായി ഹൈക്കോടതി. എല്ലാവർക്കും സർക്കാർ ജോലി വേണമെന്ന നിലപാട് കേരളത്തിൽ മാത്രമാണെന്നും ഈ മനോഭാവം മാറേണ്ട സമയം അതിക്രമിച്ചെന്നും കോടതിയുടെ വാക്കാൽ പരാമർശം.


പി എസ് സി ജോലിയുമായി ബന്ധപ്പെട്ട് ദേവികുളം സ്വദേശിയുടെ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം. ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റേയും ജസ്റ്റിസ് എ ബദറുദീന്റേയും ബഞ്ചാണ് ഹർജി പരിഗണിച്ചത്.പി എസ് സി ആവശ്യപ്പെട്ട സമയത്ത് എക്സപീരിയൻസ് സർട്ടിഫിക്കറ്റ് കൊടുക്കാൻ കഴിയാത്തതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടയാൾ കോടതിയെ സമീപിക്കുകയായിരുന്നു. ഇയാളുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശങ്ങൾ.


സംസ്ഥാന സർക്കാർ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമാണ്. കോവിഡ് പ്രതിസന്ധി മൂലം രാജ്യത്തിന്റെ ജി.ഡി.പി താഴേക്കാണ്. കേന്ദ്രസർക്കാരിന് മാത്രമാണ് നോട്ട് അച്ചടിക്കാൻ അവകാശമുള്ളത്. എം എസ് സി പഠിക്കുന്നവർക്ക് ആടിനെ വളർത്താം. പക്ഷേ അതിന് നമ്മൾ തയാറാകില്ല. സർക്കാർ ജോലി ജീവിതത്തിന്റെ അവസാനമല്ല. ബിരുദമൊക്കെ നേടിയാൽ കേരളത്തിലെ യുവതീ യുവാക്കൾക്ക് മറ്റ് ജോലിയെന്നത് ചിന്തിക്കാൻ പോലുമാവുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.


അതേസമയം ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽ.ജി.എസ്.) റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിനൽകണമെന്ന സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെ.എ.ടി.) ഉത്തരവിനെതിരേ പി.എസ്.സി. ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് പി.എസ്.സി.യുടെ ആവശ്യം. കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാർഥികളുടെ അവസരം നഷ്ടമാക്കുമെന്ന് ഹർജിയിൽ പറയുന്നു. ഇതേ ഹർജി പരിഗണിയ്ക്കുന്ന ബഞ്ചിന്റേതാണ്  നിരീക്ഷണം. രാവിലെ പി.എസ്.സി ഹർജി ഉന്നയിച്ചെങ്കിലും പിന്നീട് പരിഗണിയ്ക്കുന്നതിനായി മാറ്റുകയായിരുന്നു.


കാലാവധി അവസാനിക്കുന്ന പി.എസ്.സി റാങ്ക് പട്ടികകൾ നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കോവിഡ് കാലമായിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല. മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞ പട്ടികയാണ് റദ്ദാക്കുന്നത്. ഇതിൽ കൂടുതൽ റാങ്ക് ലിസ്റ്റ് നീട്ടണമെങ്കിൽ പ്രത്യേക നിബന്ധനകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. റാങ്ക് പട്ടികകൾ നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി നിയമപരമായ വിഷയമാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. റാങ്ക് പട്ടികയിലെ എല്ലാവരേയും എടുക്കണമെന്ന വാദം ശരിയല്ല. നിയമനം പരമാവധി പിഎസ്.സി വഴി നടത്തുകയാണ് സർക്കാർ നയമെന്നും പ്രതിപക്ഷത്തിന്റേത് പിഎസ്.സി യുടെ യശസ്സ് ഇടിച്ചുതാഴ്ത്തുന്ന നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഉദ്യോ​ഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ച് സമരം നടത്തിയിരുന്നു. പി.എസ്.സി സമരപന്തലിലാണ് പ്രതിഷേധം. ലാസ്റ്റ് ​ഗ്രേഡ് സർവന്റ്സ്, അധ്യാപകർ, വനിതാ കോൺസ്റ്റബിൾ തുടങ്ങി വിവിധ റാങ്ക് ഹോൾഡേഴ്സാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്നത്. ഇവരുടെയൊക്കെ കാലാവധി ഓ​ഗസ്റ്റ് നാലിന് അവസാനിക്കുകയാണ്. ഈ റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടാണ്  പ്രതിഷേധം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K