04 August, 2021 01:59:12 PM


'ശിവൻകുട്ടി ഒരു തറ ഗുണ്ട'; പിണറായി വിജയൻ മറ്റൊരു ശിവൻകുട്ടി' - കെ സുധാകരൻ



തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ ആക്ഷേപിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടുന്ന വി ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഡിഎഫിന്‍റെ പ്രതിഷേധ ധർണയിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ.


ഒരു തറ ഗുണ്ടയാണ് മന്ത്രിയായി തുടരുന്ന വി ശിവൻകുട്ടി. ഒരു ഗുണ്ടയെ മന്ത്രിയായി കാണാനാകില്ല. ശിവൻകുട്ടിക്ക് നൽകേണ്ടത് ഗുണ്ടാ പട്ടമാണ്. ആഭാസത്തരമാണ് അദ്ദേഹത്തിന്‍റെ കൈമുതൽ. മറ്റൊരു ശിവൻ കുട്ടിയായ മുഖ്യമന്ത്രി ഇദ്ദേഹത്തെ അംഗീകരിക്കും. അന്തസില്ലാത്ത സി പി എമ്മിന് ശിവൻകുട്ടിയെ സംരക്ഷിക്കാം. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുപ്രസിദ്ധി നേടിയവരാണ് സിപിഎം നേതാക്കൾ. ശിവൻകുട്ടിക്ക് അർഹതപ്പെട്ടത് ​ഗുണ്ടാപ്പട്ടമാണെന്നും സുധാകരൻ ആക്ഷേപിച്ചു.


നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. കേസില്‍ വി ശിവന്‍കുട്ടി ഉള്‍പ്പെടെ ആറു പ്രതികളും വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ ഹർജി തള്ളിയത്. സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സഭയ്ക്കുള്ളില്‍ നടന്ന അക്രമത്തില്‍ സഭാംഗങ്ങള്‍ക്ക് പരിരക്ഷ ഉണ്ടെന്നും അതിനാല്‍ വിചാരണ നേരിടേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റവതരണത്തിനിടെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളില്‍ കലാശിച്ചത്. രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കണ്ടെത്തിയത്. വി ശിവന്‍കുട്ടിയെ കൂടാതെ ഇ പി ജയരാജൻ, കെടി ജലീൽ, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ അജിത് അടക്കമുള്ളവരും വിചാരണ നേരിടേണ്ടി വരുമെന്നിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K