12 August, 2021 05:28:06 PM


കള്ളിൽ കഞ്ചാവിന്‍റെ അംശം: ഇടുക്കി, എറണാകുളം ജില്ലകളിലെ 46 ഷാപ്പുകൾക്കെതിരെ കേസ്



തൊടുപുഴ: കള്ളിൽ കഞ്ചാവിന്‍റെ അംശം കണ്ടെത്തിയതോടെ  എറണാകുളം, ഇടുക്കി ജില്ലകളിലെ 46 ഷാപ്പുകൾക്കെതിരെ എക്സൈസ് നടപടിയെടുത്തു. ഇടുക്കിയലെ 25 ഷാപ്പുകൾക്കെതിരെയും എറണാകുളത്തെ 21 ഷാപ്പുകൾക്കെതിരെയുമാണ് നടപടി. ലൈസന്‍സിമാര്‍ക്കും മാനേജര്‍മാര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.


കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ മാസം വരെ എക്സൈസ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ശാസ്ത്രീയ പരിശോധനയില്‍ കഞ്ചാവിലുള്ള രാസവസ്തുവിന്‍റെ സാന്നിധ്യം കള്ളില്‍ കണ്ടെത്തുകയായിരുന്നു. കള്ളിന്‍റെ വീര്യം കൂട്ടുന്നതിന് കഞ്ചാവ് ചേര്‍ത്തു നൽകുകയായിരുന്നുവെന്നാണ് എക്സൈസ് സംശയിക്കുന്നത്. ഇടുക്കി ജില്ലയിൽ 34 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 67 പേര്‍ക്കെതിരെ നടപടിയുണ്ടാകും. 25 കള്ള് ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും എക്സൈസ് അറിയിക്കുന്നു.


വിവിധ കള്ള് ഷാപ്പുകളിൽനിന്ന് ശേഖരിച്ച കള്ളിന്‍റെ സാമ്പിള്‍ പരിശോധിച്ചതിന്‍റെ ഫലം കഴിഞ്ഞ ദിവസമാണ് എക്സൈസ് പുറത്തുവിട്ടത്. ഈ റിപ്പോര്‍ട്ടില്‍ കള്ളില്‍ കഞ്ചാവിന്റെ അംശമുണ്ടെന്ന് കണ്ടെത്തിതായും എക്‌സൈസ് വ്യക്തമാക്കുന്നു. കള്ളിന്റെ വീര്യം കൂട്ടുന്നതിനായി കഞ്ചാവിന്റെ ഇല അരച്ചു ചേര്‍ത്തിട്ടുണ്ടാകും അല്ലെങ്കില്‍ കഞ്ചാവ് കിഴി ഉപയോഗിച്ചിട്ടുണ്ടാകും എന്നാണ് പ്രാഥമിക നിഗമനം.


എന്നാൽ എക്‌സൈസ് നടപടിയ്‌ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഷാപ്പുടമകളും തൊഴിലാളികളും ആരോപിക്കുന്നു. പാലക്കാട് നിന്നും എത്തിക്കുന്ന കള്ളാണ് ഇവിടെ വിതരണം ചെയ്യുന്നത്. ഇതില്‍ കഞ്ചാവിന്‍റെ അംശം കണ്ടെത്തിയത് സംശയമുണര്‍ത്തുന്നുണ്ട്. വിദേശമദ്യ വ്യവസായത്തെ സഹായിക്കാന്‍ വേണ്ടിയാണ് എക്‌സൈസ് നടപടി എന്നും ഷാപ്പുടമകള്‍ ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K