01 November, 2021 08:41:16 PM


ജോജു ജോർജിന്‍റെ വാഹനം അടിച്ചുതകർത്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്



കൊച്ചി: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് സമരം ചെയ്തതിനും അതിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിന്റെ വാഹനം തല്ലിത്തകർത്തതിനും കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. അതേസമയം ജോജു വനിതാ പ്രവര്‍ത്തകരെ കയറിപിടിക്കാന്‍ ശ്രമിച്ചെന്ന പേരിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ വിശദമായ പരിശോധനയ്ക്ക് ശേഷം കേസെടുക്കണോ എന്ന കാര്യം തീരുമാനിക്കുമെന്ന് അധികൃതർ പറഞ്ഞു.

ജോജു മദ്യപിച്ചെത്തിയാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന ആരോപണം കോൺഗ്രസ് ഉയർത്തിയിരുന്നെങ്കിലും വൈദ്യപരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ കേസ് എടുക്കേണ്ട സാഹചര്യമില്ലെന്ന് പോലീസ് പറഞ്ഞു. ഇന്ധന വിലവർദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിൽ അരമണിക്കൂറോളം ഗതാഗത തടസം നേരിട്ടതിനെ തുടര്‍ന്നാണ് നടന്‍ ജോജു പ്രതിഷേധവുമായി റോഡിലിറങ്ങിയത്.


വൈറ്റില ഭാഗത്ത് നിന്ന് സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് പോകുമ്പോഴാണ് ജോജു സമരത്തില്‍ കുടുങ്ങിയത്. വാഹനത്തില്‍നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ജോജുവും പ്രവർത്തകരും തമ്മിൽ വാക്‌പോര് ഉണ്ടാവുകയും ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ല് ചിലര്‍ അടിച്ചുതകർക്കുകയും താരത്തെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് പോലീസുകാർ ജോജുവിന്റെ വാഹനത്തിൽ കയറിയിരുന്ന് സുരക്ഷ ഉറപ്പാകുകയായിരുന്നു.


സംഭവത്തില്‍ വഴിതടഞ്ഞതിന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോങ്റെ അറിയിച്ചിരുന്നു. സംഭവ സ്ഥലത്തെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് പോലീസ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. അതേസമയം, വാഹനം തകര്‍ത്തതില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നും അത് സമരത്തിന് പിന്തുണയര്‍പ്പിച്ച് എത്തിയ ആരോ ചെയ്തതാണെന്നും ജോജു ജോര്‍ജിനെതിരേ പരാതി നല്‍കുമെന്നും എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് റിയാസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K