06 November, 2021 07:19:28 PM


നന്ദകുമാര്‍ കളരിക്കലിനെ മാറ്റി; സമരം തുടരുമെന്ന് ഗവേഷക വിദ്യാര്‍ഥിനി



കോട്ടയം: എംജി സർവകലാശാലയിൽ ദളിത് വിദ്യാർഥിനിയുടെ സമരത്തിൽ സർക്കാർ ഇടപെട്ടു. ആരോപണ വിധേയനായ അധ്യാപകനെ  മാറ്റിനിർത്താൻ യൂണിവേഴ്സിറ്റിക്ക് നിർദ്ദേശം നൽകി. എം.ജി സർവകലാശാല നാനോടെക്നോളജി സെന്റർ ഡയറക്റ്റർ നന്ദകുമാറിനെയാണ് ചുമതലയിൽ നിന്നു മാറ്റിയത്. ഇദ്ദേഹത്തിനെതിരെ ജാതീയ അധിക്ഷേപം ആരോപിച്ച് ഗവേഷണ വിദ്യാർഥിനി ദീപ പി. മോഹന്‍റെ നിരാഹാരസമരം ഒമ്പതാം ദിവസത്തിലാണ് നടപടിയുണ്ടായത്. ദീപയുടെ പരാതി പരിശോധിക്കാൻ സമിതിയെയും സർവകലാശാല ഏർപ്പെടുത്തി. പ്രതിപക്ഷം ഉൾപ്പെടെ വിഷയം ഏറ്റെടുത്ത സാഹചര്യത്തിൽ കൂടിയാണ് സർക്കാർ ഇടപെടൽ. 


അധ്യാപകനെ നീക്കിയതോടെ ഗവേഷക വിദ്യാർഥിനി സമരം അവസാനിപ്പിച്ചേക്കുമെന്ന് കരുതിയെങ്കിലും സമരത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും, നടപടി കണ്ണിൽ പൊടിയിടാനാണെന്നും പരാതിക്കാരിയായ ഗവേഷക വിദ്യാർഥിനി പറയുന്നു. സെന്‍റർ ഡയറക്റ്റർ നന്ദകുമാർ കളരിക്കലിനെ വകുപ്പിൽ നിന്നും പിരിച്ചു വിടണം. സാബു തോമസിനെ വൈസ് ചാൻസിലർ സ്ഥാനത്തു നിന്നും മാറ്റണം. ഇക്കാര്യത്തിൽ സർക്കാർ നേരിട്ട് ഇടപെടണമെന്നുമാണ് വിദ്യാർഥിനിയുടെ നിലപാട്.


സമരത്തിൽ നിന്നും വിദ്യാർഥിനി പിന്തിരിയണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മന്ത്രിയുടെ വാക്കുകളെ  വിദ്യാർഥിനി സ്വാഗതം ചെയ്തെങ്കിലും സമരം തുടരാനാണ് തീരുമാനിച്ചത്. ഉറപ്പല്ല, നടപടിയാണ് വേണ്ടതെന്നായിരുന്നു എംജി യൂണിവേഴ്സിറ്റിക്ക് മുന്നിൽ നിരാഹാരസമരം ചെയ്യുന്ന ഗവേഷക വിദ്യാർഥിനി ദീപയുടെ പ്രതികരണം. ആരോപണ വിധേയനായ അധ്യാപകനെ പിരിച്ചു വിടാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് വിദ്യാർഥിനിയുടെ നിലപാട്. വിദ്യാർഥിനിക്ക് പിന്തുണ അറിയിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി അധ്യാപകനെ മാറ്റുന്ന കാര്യത്തിൽ തടസമെന്തെന്ന് സർവകലാശാലയോട് വിശദീകരണം തേടിയിരുന്നു.


നടപടിയെടുക്കുന്ന കാര്യത്തിൽ സർവകലാശാലയുടെ തീരുമാനം വൈകിയാൽ, അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ യൂണിവേഴ്സിറ്റിക്ക് നിർദ്ദേശം നൽകാനായിരുന്നു തീരുമാനം. മന്ത്രിയുടെ ഉറപ്പല്ല നടപടിയാണ് വേണ്ടതെന്ന് പറഞ്ഞ സമരക്കാരി, ആരോപണവിധേയനായ അധ്യാപകനും യൂണിവേഴ്സിറ്റി വൈസ് ചാൻസലറും ചേർന്ന് സർവകലാശാലയിൽ നിയമവിരുദ്ധമായി പലതും ചെയ്തിട്ടുണ്ടെന്നും ആരോപിച്ചു. ആർ.എം.പി എംഎൽഎ കെ.കെ രമ, ഡോ. പി.ഗീത എന്നിവരും വിദ്യാർഥിനിക്ക് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി എത്തുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K