06 November, 2021 07:29:43 PM


ഗെയ്‌ലാട്ടം ഇനിയില്ല: 22 വര്‍ഷം നീണ്ട കരിയറിന് വിരാമമിട്ട് 'യൂണിവേഴ്‌സ് ബോസ്'



ഷാര്‍ജ: ടി20 ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയും തമ്മിലുള്ള സൂപ്പര്‍ 12 പോരാട്ടം ഓസീസിന് ക്വാര്‍ട്ടര്‍ ഫൈനലാണ്. വിന്‍ഡീസിനെ കീഴടക്കിയാല്‍ മാത്രമെ സെമിഫൈനല്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ഓസ്‌ട്രേലിയക്ക് കഴിയൂ.

അതേസമയം, നേരത്തെ തന്നെ പുറത്തായി കഴിഞ്ഞതിനാല്‍ വിന്‍ഡീസ് നിര അത്തരം സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെയാണ് കളിക്കാന്‍ ഇറങ്ങിയത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലെ തോല്‍വിക്ക് ശേഷം വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. താരത്തിന്റെ അവസാന മത്സരമെന്ന പ്രത്യേകത മാത്രമായിരുന്നു ഗ്രൗണ്ടിലിറങ്ങും മുമ്പ് വരെ ഈ മത്സരം വിന്‍ഡീസിന്.

എന്നാല്‍ ടോസ് നേടിയ ഓസ്‌ട്രേലിയ വിന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ ബാറ്റ് ചെയ്യാന്‍ ക്രിസ് ഗെയ്ല്‍ ക്രീസിലേക്ക് വരുമ്പോള്‍ കണ്ടത് നാടകീയ രംഗങ്ങളായിരുന്നു. വിന്‍ഡീസ് താരങ്ങളെല്ലാം ചേര്‍ന്ന് എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഗെയ്ലിനെ ക്രീസിലേക്ക് വീട്ടത്. പതിവില്‍ നിന്ന് വ്യത്യസ്തമായി കൂളിംഗ് ഗ്ലാസ് ധരിച്ചാണ് ഗെയ്ല്‍ ബാറ്റ് ചെയ്യാനിറങ്ങിയത്. ഒമ്പത് പന്തില്‍ രണ്ട് സിക്‌സ് അടക്കം 15 റണ്‍സടിച്ച ഗെയ്ലിനെ പാറ്റ് കമിന്‍സ് ബൗള്‍ഡാക്കി.

തുടര്‍ന്ന് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ ഗെയ്ല്‍ ചിരിച്ചുകൊണ്ട് ബാറ്റുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്താണ് ക്രീസ് വിട്ടത്. ഡ്രസ്സിംഗ് റൂമിലേക്ക് കയറും മുമ്ബ് ഡഗ് ഔട്ടിലിരുന്ന സഹതാരങ്ങളെയെല്ലാം ചിരിച്ചുകൊണ്ട് ആലിംഗനം ചെയ്യുന്ന ഗെയ്ലിനെയും കാണാമായിരുന്നു. എന്നാല്‍ ഇതുവരെ ഔദ്യോഗികമായി ഗെയ്ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് ടി20 ക്രിക്കറ്റിലെ ഇതിഹാസ താരത്തിന്റെ അവസാന മത്സരമായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K