05 December, 2021 11:59:37 AM


കൊച്ചിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ്; ഒമിക്രോൺ പരിശോധന നടത്തും



കൊച്ചി: സംസ്ഥാനത്ത് ഒമിക്രോണ്‍ ജാഗ്രത കര്‍ശനമാക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റഷ്യന്‍ പൗരന് കോവിഡ് സ്ഥിരീകരിച്ചു. 25 വയസ്സുളള യുവാവിന് റാപ്പിഡ് ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോൺ ഭീഷണിയിൽ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട രാജ്യമാണ് റഷ്യ.

രാവിലെ 5.25 നുള്ള വിമാനത്തിലാണ് ഇയാൾ കൊച്ചിയിൽ ഇറങ്ങിയത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ അമ്പലമുകളിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഒമിക്രോൺ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിക്കാൻ ഇയാളുടെ സ്രവം ശേഖരിച്ച് ജനിതക പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒമിക്രോൺ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ യാത്രക്കാർക്കുള്ള പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഇവിടെ നടത്തുന്ന പരിശോധനകളിൽ നെഗറ്റീവ് ആയാലും ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീനും തുടർന്ന് ആർടിപിസിആർ പരിശോധനയിൽ വീണ്ടും നെഗറ്റീവ് ആയതിന് ശേഷം മാത്രമേ മറ്റുള്ളവരുമായി സമ്പർക്കം പാടുകയുള്ളൂ എന്ന ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

രാജ്യത്ത് ശനിയാഴ്ച വരെ നാല് പേരിലാണ് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ കേസുകളുടെ എണ്ണം ഇനിയും ഉയർന്നേക്കാം എന്നതിനാൽ ജാഗ്രത തുടരാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് കേസുകൾ കൂടുതൽ ഉള്ള കേരളം, കർണാടക, തമിഴ്നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീർ എന്നി സംസ്ഥാനങ്ങൾക്ക് പ്രത്യേക നിർദേശം നൽകി.കോവിഡ് വ്യാപനം കുറയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K