24 December, 2021 08:28:24 AM


അതിരമ്പുഴയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം



ഏറ്റുമാനൂര്‍: അതിരമ്പുഴയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ വെട്ടിമുകൾ മുരിക്കുന്താനം സത്യൻ (സത്യപ്പൻ - 62) ആണ് മരിച്ചത്. ഏറ്റുമാനൂര്‍ പടിഞ്ഞാറെനട ഓട്ടോസ്റ്റാന്‍റിലെ ഓട്ടോഡ്രൈവറാണ്. 

ഇന്നു പുലർച്ചെ രണ്ടു മണി കഴിഞ്ഞ് അതിരമ്പുഴ വില്ലേജ് ഓഫീസിനുസമീപം ഉപ്പുപുരയ്ക്കല്‍ വളവിലായിരുന്നു അപകടം. അതിരമ്പുഴയില്‍ ഓട്ടം പോയി ഏറ്റുമാനൂരിലേക്ക് തിരികെ വരികയായിരുന്ന സത്യന്‍റെ ഓട്ടോയില്‍ എതിരേ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയു‌ടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോയില്‍നിന്നും തെറിച്ചുവീണ് എതിര്‍വശത്തെ ഇറച്ചികടയുടെ സമീപത്തെ ഭിത്തിയ്ക്കും കാറിനും ഇടയില്‍പെട്ട സത്യന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

അതിരമ്പുഴയിലെ ബാര്‍ ഹോട്ടലിലെ ജീവനക്കാരനടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. അപകടം ഉണ്ടായ ഉടന്‍ ഇവര്‍ കാറില്‍നിന്നിറങ്ങി ഓടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏറ്റുമാനൂര്‍ പോലീസ് ആംബുലന്‍സ് വിളിച്ച് സത്യനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തി മരണം സ്ഥിരീകരിച്ചു.

ഭാര്യ: കല്ലറ പെരുംതുരുത്ത് കരിനാട്ട് കുടുംബാംഗം ഉഷ സത്യൻ. മക്കൾ: സൂര്യ സത്യൻ (സൗദി), സുപ്രിയ സത്യൻ (റിനായി മെഡി സിറ്റി എറണാകുളം) സതിഷ് സത്യൻ. മരുമക്കൾ: മനീഷ് (പള്ളിക്കതോട്), ശരത്ത് (വല്ലകം, വൈക്കം). മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.7K