31 January, 2022 09:06:09 AM


എൽസിയുടെ നിയമനത്തില്‍ ഇടത് സംഘടന ഇടപെടല്‍: ബിരുദവും വ്യാജമെന്ന് സംശയം



കോട്ടയം: മാർക്ക് ലിസ്റ്റിനും സർട്ടിഫിക്കറ്റിനും കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ എംജി സർവകലാശാല അസിസ്റ്റന്‍റ് സിജെ എൽസി അടക്കമുള്ളവരുടെ നിയമനത്തിൽ ഇടത് സംഘടന ഇടപെട്ടതിന്‍റെ രേഖകൾ പുറത്ത്. തസ്തിക മാറ്റം വഴിയുള്ള അസിസ്റ്റന്‍റ് നിയമനത്തിലെ മാനദണ്ഡം മാറ്റാൻ ഇടതുപക്ഷ സംഘടനയായ എംപ്ലോയീസ് അസോസിയേഷൻ വിസിക്ക് നൽകിയ കത്ത് പുറത്ത്. അതിനിടെ എൽസിയുടെ ബിരുദത്തെ കുറിച്ചും അന്വേഷിക്കാൻ വിജിലൻസ് നീക്കം തുടങ്ങി.

കേരളത്തിലെ സർവകലാശാലകളിലെ അനധ്യാപക നിയമനങ്ങൾ പിഎസ്‍സിക്ക് വിട്ടത് 2016 മാർച്ചിലായിരുന്നു. സർവകലാശാലകളിലെ സർവീസ് സംഘടനകളുടെ ആവശ്യപ്രകാരം ആകെയുള്ള അസിസ്റ്റന്‍റ് ഒഴിവിന്‍റെ രണ്ടു ശതമാനം, തൊട്ടു താഴെയുള്ള തസ്തികകളിൽ നിന്നുള്ളവരെ പ്രൊമോഷൻ വഴി നിയമിക്കാൻ തീരുമാനമായി. എന്നാൽ നിരന്തര സമ്മർദത്തിനൊടുവിൽ രണ്ടു ശതമാനം പിന്നീട് നാല് ശതമാനമായി ഉയർന്നു. 
2017ൽ എംജി സർവകലാശാല ഭരണവിഭാഗം ജോയിന്‍റ് രജിസ്ട്രാർ രജിസ്ട്രാർക്ക് വേണ്ടി പുറത്തിറക്കിയ ഉത്തരവ് കാണുക. അസിസ്റ്റന്‍റ് കേഡറിലെ ആകെയുള്ള 712 ഒഴിവുകളിൽ 4 ശതമാനം ഒഴിവുകൾ താഴ്ന്ന വിഭാഗത്തിൽ 4 വർഷം ജോലി ചെയ്തവർക്ക് നീക്കിവച്ച ഈ ഉത്തരവിലൂടെ ആണ് എൽസിക്ക് നിയമനം തരമായത്.

2 ശതമാനം സംവരണം എന്നത് 4 ശതമാനം ആക്കിയത് കണ്ണൂർ സർവകലാശാലയ്ക്കായി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റെ കൂടി മറവിലുമായിരുന്നു. പിഎസ്‌സി നിയമനങ്ങൾക്ക് മുൻപേ വേണ്ടപ്പെട്ടവരുടെ എല്ലാം കസേര ഉറപ്പിക്കാൻ ഇടത് സംഘടനായ എംപ്ലോയീസ് അസോസിയേഷൻ 2016 മുതൽ സമ്മർദ്ദം ചെലുത്തിയതിന്‍റെ രേഖകളും പുറത്തുവന്നു. 

തസ്തിക മാറ്റം വഴിയുള്ള അസിസ്റ്റന്‍റ് നിയമനത്തിൽ താഴെയുള്ള എല്ലാ ജീവനക്കാരെയും പരിഗണിക്കണം എന്നാവശ്യപ്പെട്ട് 2016 ജൂലൈയിൽ ഇടത് സംഘടന വിസിക്ക് നൽകിയ കത്താണിത്. സർവകലാശാലയുടെ ആദ്യ തീരുമാനപ്രകാരം മുന്നോട്ട് പോയിരുന്നില്ലെങ്കിൽ എൽസി ഉൾപ്പെടെയുള്ളവർക്ക് നിയമനം കിട്ടുമായിരുന്നില്ല. ഇതു മറികടക്കാനാണ് മാനദണ്ഡം മാറ്റണമെന്ന ആവശ്യം ഇടത് സംഘടന മുന്നോട്ട് വച്ചത്. 
2017 ഒക്ടോബർ 25ന് ഇറങ്ങിയ പുതുക്കിയ ഉത്തരവ് പ്രകാരം തിടുക്കത്തിൽ നവംബറിൽ തന്നെ എൽസി ഉൾപ്പെടെയുള്ളവർക്ക് നിയമനം കിട്ടി. പിഎസ്‍സി വഴി നിയമിച്ചവരെക്കാൾ ഇവർക്ക് സീനിയോറിറ്റി ലഭിക്കുകയും ചെയ്തു. 2010ൽ പിയൂൺ തസ്തികയിൽ ജോലിക്ക് കയറിയപ്പോൾ എൽസിക്ക് എസ്എൽഎൽസി യോഗ്യത ഉണ്ടായിരുന്നില്ല. എന്നാൽ 2016ൽ അസിസ്റ്റന്‍റായി നിയമനം കിട്ടിയപ്പോൾ എസ്എസ്എൽസി- പ്ലസ്ടു തത്തുല്യയോഗ്യതയും എംജിയിൽ തന്നെയും റെഗുലർ ബിരുദവും എൽസി സ്വന്തമാക്കിയിരുന്നു. 

എന്നാൽ 2016 ൽ നിന്ന് 2022 ൽ എത്തുന്പോഴും പ്രൊമോഷന് ആവശ്യമായ പിഎസ്‍സി നേരിട്ട് നടത്തുന്ന വകുപ്പുതല പരീക്ഷ എൽസി പാസായിട്ടില്ല. ബിരുദം റെഗുലറായി ആദ്യ തവണ തന്നെ നേടിയെടുത്ത ഒരാൾ താരതന്മേന്യ എളുപ്പമായ വകുപ്പുതല പരീക്ഷ വിജയിക്കാത്തത് വിജിലൻസ് സംശയത്തോടെയാണ് നോക്കി കാണുന്നത്. എൽസിയുടെ ബിരുദവും നിയമനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ വിശദമായി അന്വേഷിക്കാനാണ് വിജിലൻസിന്‍റെ തീരുമാനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K