06 February, 2022 10:46:48 PM


ടാറ്റ ഏറ്റെടുത്ത എയര്‍ ഇന്ത്യയില്‍ സമരത്തിന് ആഹ്വാനം ചെയ്ത് തൊഴിലാളികള്‍



മുംബൈ: ടാറ്റ ഏറ്റെടുത്ത എയര്‍ ഇന്ത്യയില്‍ സമരത്തിന് ആഹ്വാനം ചെയ്ത് തൊഴിലാളികള്‍. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് വിഭാഗത്തിലെ ജീവനക്കാരാണ് നാളെ മുതല്‍ പണിമുടക്കിന് ആഹ്വാനം ചെയതത്. 1700 പേര്‍ പണിമുടക്കുന്നത്തോടെ കമ്പനിയുടെ പ്രവര്‍ത്തനം താളം തെറ്റാന്‍ സാധ്യതയുണ്ട്. 

എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവര്‍. ഈ പൊതുമേഖലാ സ്ഥാപനത്തിനായിരുന്നു എയര്‍ ഇന്ത്യയുടെ വിമാനങ്ങളുടെ  തകരാറുകള്‍ പരിഹരിക്കാനുള്ള ചുമതല.

വിമാനത്തില്‍ ഇന്ധനം നിറയ്ക്കുക, വിമാനത്തെ പുറപ്പെടാനായി സജ്ജമാക്കുക, വിമാനത്തിന്റെ തകരാറുകള്‍ പരിഹരിക്കുക തുടങ്ങിയ ചുമതലകള്‍ എല്ലാം വഹിച്ചിരുന്നത് ടെക്‌നിക്കല്‍ വിഭാഗം ജീവനക്കാരാണ്. എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ 60 ശതമാനം ജീവനക്കാരും സമരത്തിനൊപ്പമാണെന്നും എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ തടസ്സപ്പെടുമെന്നും സമരക്കാര്‍ അവകാശപ്പെട്ടു. 

എയര്‍ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡില്‍ നിശ്ചിത കാലത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലാണ് ഈ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിച്ചതോടെ ശമ്പള വര്‍ദ്ധനവ്, തൊഴില്‍ കരാര്‍ കാലാവധി പരിഷ്‌കരിക്കല്‍, ശമ്പളത്തോടൊപ്പം ഡിഎ  അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് തൊഴിലാളികള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K