01 August, 2022 07:51:32 AM


കോട്ടയം ജില്ലയിൽ ഓറഞ്ച് അലേർട്ട് : പൊതുജനങ്ങൾക്കായി പ്രത്യേക നിർദേശങ്ങൾ

കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ ഇന്നു മുതൽ ഓഗസ്റ്റ് നാലു വരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.  24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. 

അതേസമയം, ജില്ലയിൽ എല്ലായിടങ്ങളിലും രാത്രിയിൽ മഴയുണ്ടായിരുന്നു. ഇപ്പോൾ എങ്ങും മഴ പെയ്യുന്നില്ല. മീനച്ചിൽ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ നദികളിലെ ജലനിരപ്പ് വാണിംഗ് ലെവലിലും താഴുന്നതായി ഹൈഡ്രോളജി വകുപ്പിൽ നിന്നും അറിയിച്ചു. മീനച്ചിൽ താലൂക്കിൽ ചിലയിടങ്ങളിൽ ഗതാഗത തടസ്സങ്ങളുണ്ട്. രാവിലെ ഇവ നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് മീനച്ചിൽ താലൂക്ക് അധികൃതർ അറിയിച്ചു. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

2018, 2019, 2020, 2021 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്നു കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവർ എന്നിവർ ജാഗ്രത പാലിക്കണം. അവിടങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളും  വകുപ്പുകളും അപകട സാധ്യത മുന്നിൽ കണ്ട് തയ്യാറെടുപ്പുകൾ പൂർത്തീകരിക്കണം.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ സഹകരിക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയാറാകണം.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങൾ കോതി ഒതുക്കണം.  അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. 

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയാറാവണം.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കണം. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും അപകടങ്ങൾ ഉണ്ടായേക്കാം. ജാഗ്രത വേണം. Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K