15 August, 2022 05:33:54 PM


വിഭാഗീയ, ശിഥിലീകരണ പ്രവർത്തനങ്ങളെ ചെറുക്കണം - മന്ത്രി വി.എൻ. വാസവൻകോട്ടയം: വർഗീയതയടക്കം വിവിധ തരത്തിലുള്ള വിഭാഗീയ, ശിഥിലീകരണ, വിധ്വംസക പ്രവർത്തനങ്ങളെ ചെറുത്തു തോൽപ്പിച്ച് രാജ്യത്തെ അഖണ്ഡതയും മതനിരപേക്ഷതയും നാനാത്വത്തിൽ ഏകത്വ വീക്ഷണവും കാത്തുസൂക്ഷിക്കാൻ എല്ലാവരും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.

മതനിരപേക്ഷ, ജനാധിപത്യ ഇന്ത്യയാണ് ഡോ. അംബേദ്കർ അടക്കമുള്ള മഹാരഥന്മാർ ലക്ഷ്യമിട്ടത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കണം. മനുഷ്യനെ വിവിധ വിഭാഗീയകളുടെ പേരിൽ തമ്മിലടിപ്പിക്കുന്നതിനെ ചെറുത്തുതോൽപ്പിക്കണം. സാഹോദര്യം പുലരണം. രാജ്യത്തെ ഫെഡറൽ സംവിധാനങ്ങൾ അട്ടിമറിക്കപ്പെടരുത്. ഫെഡറൽ സംവിധാനങ്ങൾ സംരക്ഷിക്കപ്പെടണം. സ്ഥിതിസമത്വത്തിനായി രാജ്യം ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട്. സ്വാതന്ത്ര്യസമരത്തിൽ നിർണായകമായ പോരാട്ടങ്ങൾ നടന്ന സ്ഥലമാണ് കോട്ടയത്തെ വൈക്കം അടക്കമുള്ള സ്ഥലങ്ങളെന്നും മന്ത്രി പറഞ്ഞു.

21 പ്ലാറ്റൂണുകൾ പങ്കെടുത്ത പരേഡിൽ മന്ത്രി അഭിവാദ്യം സ്വീകരിച്ചു. പ്രത്യേക വാഹനത്തിൽ പരേഡ് പരിശോധിച്ചു. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസറായ ആർ.പി. അനൂപ് കൃഷ്ണയായിരുന്നു പരേഡ് കമാൻഡർ. പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്ലാറ്റൂണുകൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കോട്ടയം ബേക്കർ മെമ്മോറിയൽ എച്ച്.എസ്.എസ്., മൗണ്ട് കാർമ്മൽ ജി.എച്ച്.എസ്., കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക് കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.


കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക് കോളജ് തയാറാക്കിയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചരിത്രം ആലേഖനം ചെയ്ത ചിത്രങ്ങളടങ്ങിയ 2500 ചതുരശ്രയടിയുള്ള കാൻവാസ് പ്രദർശനം നവ്യാനുഭവമായി. 'ഹസാർ ഹാഥ്' പരിപാടിയുടെ ഭാഗമായി 1200 വിദ്യാർഥികളും അധ്യാപകരും ചേർന്ന് 2500 ചതുരശ്രയടി കാൻവാസിൽ മൂന്നു മണിക്കൂർ കൊണ്ടാണ് സ്വാതന്ത്ര്യ സമര ചരിത്രം വാക്കുകളും ചിത്രങ്ങളുമുപയോഗിച്ച് ആവിഷ്‌കരിച്ചത്.

സായുധസേന പതാക നിധിയിലേക്ക് ഏറ്റവുമധികം തുക സംഭാവന നൽകിയ സർക്കാർ വകുപ്പിനുള്ള പുരസ്‌കാരം സഹകരണ ജോയിന്‍റ് രജിസ്ട്രാർ ഓഫീസിനും സ്‌കൂളിനുള്ള പുരസ്‌കാരം കോട്ടയം എം.ഡി. സെമിനാരി സ്‌കൂളിനും മന്ത്രി സമ്മാനിച്ചു. മികച്ച പ്ലാറ്റൂൺ കമാൻഡറിനുള്ള പുരസ്‌കാരം പൊലീസ് രണ്ടാം പ്ലാറ്റൂണിന്‍റെ കമാൻഡർ കെ.കെ. പ്രശോഭിന് (ഏറ്റുമാനൂർ) മന്ത്രി നൽകി.


പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ച് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ പ്ലാറ്റൂണുകൾ: 

എക്‌സൈസ് (കമാൻഡർ: എൻ.വി. സന്തോഷ്കുമാർ), പൊലീസ് (കമാൻഡർ: പി.ആർ. ഷൈജു), 
എൻ.സി.സി. സീനിയർ: കോട്ടയം ബസേലിയസ് കോളജ് (കമാൻഡർ: ആർദ്ര ബൈജു), കോട്ടയം എം.ഡി. എച്ച്.എസ്.എസ്. (കമാൻഡർ: ആനന്ദ് സുനിൽ), 
എസ്.പി.സി.: മണർകാട് സെന്റ് മേരീസ് എച്ച്.എസ്.എസ്. (കമാൻഡർ: ഗായത്രി സതീഷ്), കോട്ടയം ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്.എസ്. (കമാൻഡർ: ആർദ്ര അനീഷ്), 
എൻ.സി.സി. ജൂനിയർ: ജെ.എൻ.വി. വടവാതൂർ (കമാൻഡർമാർ: ശ്രീയ ശ്രീനിവാസ്, ദിൽഷാദ് റിസ്വാൻ), 
സ്‌കൗട്ട്: കുടമാളൂർ സെന്‍റ് മേരീസ് യു.പി. സ്‌കൂൾ (കമാൻഡർ: ജിതിൻ കൃഷ്ണ), പള്ളം സി.എം.എസ്. എച്ച്.എസ്. (കമാൻഡർ: ജെറോം ജേക്കബ് ജോർജ്), 
ഗൈഡ്‌സ്: കോട്ടയം ബേക്കർ മെമ്മോറിയൽ എച്ച്.എസ്.എസ്. (കമാൻഡർ: ഹെലൻ കെ. സോണി), കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ്.(കമാൻഡർ: ലക്ഷ്മി മേനോൻ), 
ജൂനിയർ റെഡ്‌ക്രോസ്: കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ്. (കമാൻഡർ: നന്ദന കൃഷ്ണ), 
ബാൻഡ്: കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ്. (കമാൻഡർ: നിത്യ അന്ന തോമസ്), ഏറ്റുമാനൂർ എസ്.എഫ്.എസ്. ഇ.എം.എച്ച്.എസ്.(കമാൻഡർ: വൈഗ എസ്. നായർ). 

തോമസ് ചാഴികാടൻ എം.പി., അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സബ് കളക്ടർ രാജീവ് കുമാർ ചൗധരി, എ.ഡി.എം. ജിനു പുന്നൂസ്, നഗരസഭാംഗം റീബ വർക്കി എന്നിവർ പങ്കെടുത്തു.
  
രാവിലെ കളക്‌ട്രേറ്റിലെ യുദ്ധ സ്മാരകത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പുഷ്പചക്രം അർപ്പിച്ചു. ജില്ലാ സൈനികക്ഷേമ ഓഫീസർ മേജർ ഷീബ രവി, എൻ.സി.സി. 16-ാം കേരള ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ പി. ദാമോദരൻ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K