31 August, 2022 05:34:39 PM


ആംബുലൻസിൽ കുടുങ്ങി രോഗി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു



കോഴിക്കോട്: ആംബുലൻസിന്റെ വാതിൽ തുറക്കാനാവാത്തതിനെത്തുടർന്ന് രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഫറോക്ക് കരുവൻതിരുത്തി എസ്.പി. ഹൗസിൽ കോയമോൻ (66) ആണ് മരിച്ചത്. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ ആംബുലൻസിന്റെ വാതിൽ തുറക്കാനാവാത്ത വിധം അടഞ്ഞു പോയതിനാൽ ചികിത്സ നൽകാൻ കഴിഞ്ഞില്ല. ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. 

റെഡ് ക്രോസ് റോഡിനു സമീപത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോൾ സ്കൂട്ടർ ഇടിച്ച രോഗിയെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ​ഗുരുതരമായതിനാൽ‌ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഒരു ഡോക്ടറും കോയമോന്റെ സുഹൃത്തുക്കളായ രണ്ടു പേരും ആംബുലൻസിനകത്ത് ഉണ്ടായിരുന്നു. മെഡിക്കൽ കോളേജിലെത്തിയപ്പോൾ അകത്തുളളവർ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. തുടർന്ന് ആംബുലൻസ് ഡ്രൈവർ വാതിൽ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് തുറക്കാൻ നോക്കിയിട്ടും നടന്നില്ല. ചവിട്ടി തുറക്കാനുളള ശ്രമവും പരാജയപ്പെട്ടു. 

ഇതിനിടെ ഒരാൾ ചെറിയ മഴു കൊണ്ടുവന്ന് വാതിൽ വെട്ടിപ്പൊളിച്ച് കോയമോനെ പുറത്തെടുക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അരമണിക്കൂറോളം കോയമോൻ ആംബുലൻസിനകത്ത് കുടുങ്ങിയതായി ബന്ധുക്കൾ ആരോപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K