12 September, 2022 09:49:13 AM


നായ കടിച്ച വീട്ടമ്മയെ ഓട്ടോയില്‍ കയറ്റാതെ ഡ്രൈവർമാർ ഒന്നടങ്കം സ്റ്റാൻഡ് വിട്ടു



വൈക്കം: തെരുവുനായ കടിച്ച വീട്ടമ്മയെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതെ ഓട്ടോ ഡ്രൈവർമാർ ഒന്നടങ്കം സ്റ്റാൻഡ് വിട്ടു. തലപ്പാറ ഓട്ടോ സ്റ്റാൻഡിലാണ് സംഭവം. തലയോലപ്പറമ്പ് പഞ്ചായത്തിലെ മേഴ്‌സി ഭാഗത്ത് പൊതിയിൽ വച്ചാണ് വീട്ടമ്മയെ പട്ടി കടിച്ചത്. കാലിന്റെ രണ്ടു വശവും കടിച്ചു പറിച്ച നിലയിൽ അവശയായ വീട്ടമ്മയെ ബന്ധുക്കൾ തൊട്ടടുത്ത ഓട്ടോ സ്റ്റാൻഡിൽ എത്തിച്ചെങ്കിലും ആശുപത്രി ഓട്ടത്തിൽ വിമുഖത പ്രകടിപ്പിച്ച ഓട്ടോ ഡ്രൈവർമാർ ഓട്ടോയുമായി കടന്നു കളയുകയായിരുന്നു.

പന്തലാട്ടു കുഴിയിൽ അശോകന്റെ ഭാര്യയാണ് ആക്രമണത്തിന് വിധേയ ആയ  സുഷമ  (42). ആറ് ഓട്ടോ റിക്ഷകൾ അവിടെ ഉണ്ടായിരുന്നെങ്കിലും അവരാരും ഓട്ടം പോകാൻ കൂട്ടാക്കിയില്ല. നീ പോ…നീ പോ എന്ന് പറഞ്ഞു  മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. അവസാനം എല്ലാ ഓട്ടോ റിക്ഷ ഡ്രൈവർമാരും തങ്ങൾക്കു വേറെ ഓട്ടം ഉണ്ടെന്നു പറഞ്ഞു സ്റ്റാൻഡിൽ നിന്നും മുങ്ങി. വേറൊരു ഓട്ടോ റിക്ഷ ഡ്രൈവറുടെ നമ്പറിൽ വിളിച്ച് വരുത്തിയാണ് ബന്ധുക്കൾ വീട്ടമ്മയെ ആശുപത്രിയിലാക്കിയത്.

വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷകൾക്ക് ശേഷം വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീട്ടിലേക്കു പോകുന്നതിനിടയിലാണ് പൊതി ഭാഗത്ത് വച്ച് പട്ടി കടിയേറ്റത്. ഓട്ടോ റിക്ഷക്കാരുടെ മനുഷ്യത്വ രഹിത നിലപാടിനെതിരെ ബന്ധുക്കൾ പോലീസിനും ആർ ടി ഒ യ്ക്കും പരാതി നൽകാൻ ഒരുങ്ങുകയാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K