23 September, 2022 11:50:14 AM


കോട്ടയത്ത്‌ വ്യാപക അക്രമം: ബസുകൾ എറിഞ്ഞു തകർത്തു: ഈരാറ്റുപേട്ടയിൽ ലാത്തിചാർജ്

 

കോട്ടയം: ഹർത്താലിൽ കോട്ടയത്ത് വ്യാപക അക്രമം. ഈരാറ്റുപേട്ടയിൽ വാഹനങ്ങൾ തടഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ അനുകൂലികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്. അഞ്ച് പിഎഫ് ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 100 ഓളം പേരെ കരുതൽ തടവിലാക്കി ഈരാറ്റുപേട്ട, പാലാ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. 

ഈരാറ്റുപേട്ടയിൽ രാവിലെ ഏഴുമണിയോടെ സംഘടിച്ചെത്തിയ സമരാനുകൂലികൾ നടുറോഡിലിറങ്ങി വാഹനങ്ങൾ തടയുകയും കടകളടപ്പിക്കുകയും ചെയ്തതതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായതോടെ സംഘർഷാവസ്ഥയുണ്ടായി. ഇതോടെയാണ് പൊലീസ് സംഘമെത്തി സമരാനുകൂലികളെ നീക്കാനായി ലാത്തിച്ചാർജ് നടത്തിയത്.

ഈരാറ്റുപേട്ടയിൽ നഗരത്തിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പട്രോളിംഗ് നടത്തുന്നത്. കോട്ടയം നഗരത്തിൽ തെക്കുംഗോപുരത്തിലും തെള്ളകത്തും ഉൾപ്പെടെ ബസിനു നേരെ കല്ലെറിഞ്ഞു.

അതിനിടെ കോട്ടയത്ത് കുറിച്ചി ഔട്ട് പോസ്റ്റിലും  സമീപ പ്രദേശങ്ങളിലും എം സി റോഡിൽ കെഎസ്ആർടിസി ബസുകൾക്ക് നേരേ വ്യാപക കല്ലേറുണ്ടായി കുറിച്ചി ഔട്ട് പോസ്റ്റ്, മന്ദിരം കവല, കാലായിപ്പടി എന്നിവിടങ്ങളിൽ കല്ലേറിൽ നിരവധി ബസുകളുടെ ചില്ലുകൾ തകർന്നു.

കോടിമതയിൽ ലോറിക്ക് നേരെ കല്ലേറുണ്ടായി. അയ്മനം, കാരാപ്പുഴ എന്നിവിടങ്ങളിലും ബസിന് നേരേ കല്ലേറുണ്ടായി. കോട്ടയത്ത് കുറിച്ചിയിൽ ഹോട്ടലിന് നേരേ കല്ലേറ്. എം സി റോഡിൽ പ്രവർത്തിക്കുന്ന ശരവണ ഹോട്ടലിന് നേരെയാണ് ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞത്. ഹോട്ടലിൻ്റെ മുൻപിലെ ഗ്ലാസുകൾ തകർന്നിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K