21 October, 2022 09:57:25 AM


ഏറ്റുമാനൂര്‍ ഇടത്താവളഫണ്ട്: നഗരസഭ ഭക്തരെ വഞ്ചിക്കുന്നു - ക്ഷേത്ര ഉപദേശകസമിതി



ഏറ്റുമാനൂര്‍: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂർ ക്ഷേത്രത്തിന് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് നഗരസഭ വേണ്ടവിധം ഉപയോഗിക്കാത്തത് സംബന്ധിച്ച വിവാദം വഴിത്തിരിവില്‍. ഫണ്ട് വകമാറ്റിചെലവഴിച്ചും മറ്റുമുള്ള നഗരസഭയുടെ നടപടിയെ ചോദ്യം ചെയ്ത് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രോപദേശകസമിതി രംഗത്തെത്തിയിരുന്നു. ഇതെതുടര്‍ന്ന് ചില അവകാശവാദവുമായി ബിജെപി കൗണ്‍സിലര്‍മാര്‍ വന്നതോടെ മന്ത്രിമാര്‍ക്ക് പരാതിയുമായി നീങ്ങിയിരിക്കുകയാണ് ഉപദേശകസമിതി.

സ്ഥലം എംഎല്‍എയും സഹകരണവകുപ്പുമന്ത്രുയുമായ വി.എന്‍.വാസവന്‍, തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷ് എന്നിവര്‍ക്കാണ് ഉപദേശകസമിതി സെക്രട്ടറി കെ.എന്‍.ശ്രീകുമാര്‍ പരാതി നല്‍കിയത്. ഉപദേശകസമിതിയുടെ ഇടപെടലുകളെ തുടര്‍ന്നാണ് ആദ്യമായി ഇടത്താവളഫണ്ട് അനുവദിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ഇടത്താവളത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നഗരസഭയ്ക്ക് പത്ത് ലക്ഷം രൂപ വരെ അനുവദിച്ചുവന്നിരുന്നു. ആരംഭകാലം മുതൽ നഗരസഭ ഈ തുക ശരിയായവിധം പൂർണമായും വിനിയോഗിച്ചില്ല. മാത്രമല്ല വകമാറ്റി ചെലവഴിക്കുകയും ചെയ്തു. 2020-2021ലെ മുൻസിപ്പൽ ഓഡിറ്റ് റിപ്പോർട്ടില്‍ ഇത് ഗുരുതരമായ വീഴ്ചയായി ചൂണ്ടികാണിക്കുകയും ചെയ്തിരുന്നു.

ഇടത്താവളഫണ്ട് ചെലവഴിക്കാതെ വെച്ചുകൊണ്ട് ശബരിമല സീസണിലെ മാലിന്യങ്ങള്‍ നീക്കാന്‍ പതിനായിരം രൂപ ക്ഷേത്രത്തോട് ആവശ്യപ്പെട്ട സംഭവവും കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുണ്ടായി. നഗരസഭതന്നെ മാലിന്യം നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് നിനില്‍ക്കെയായിരുന്നു ഈ സംഭവം. ഉപദേശകസമിതി ഇത്  ഹൈകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും കോടതിയുടെ ഇടപെടലുകളെതുടര്‍ന്ന് നഗരസഭ സ്വന്തം ചെലവില്‍ മാലിന്യം നീക്കം ചെയ്യുകയുമായിരുന്നു. ക്ഷേത്രം സ്ഥിതിചെയ്യുന്നതുള്‍പ്പെടെ സമീപത്തെ അഞ്ച് വാര്‍ഡുകളിലെയും കൗണ്‍സിലര്‍മാര്‍ ബിജെപി പ്രതിനിധികളാണ്. അതുകൊണ്ടുതന്നെയാണ് ഉപദേശകസമിതിയുടെ ആരോപണങ്ങള്‍ക്കെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ യോഗം ചേര്‍ന്ന് രംഗത്തെത്തിയതും. ഇതിനു പിന്നാലെയാണ് ഇന്ന് ഉപദേശകസമിതി മന്ത്രിമാര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

മണ്ഡല - മകരവിളക്കിനോടനുബന്ധിച്ച് ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഇടത്താവളവികസനത്തിന് വർഷംതോറും അനുവദിച്ചു വരുന്ന തുക ലഭ്യമായ വർഷം മുതൽ പൂർണ്ണമായും വിനിയോഗിക്കാതെ വകമാറ്റി ചെലവഴിച്ചതിന് എതിരെ ഉപദേശകസമിതി നിരവധി തവണ നഗരസഭയ്ക്ക് പരാതി നൽകിയിട്ടും നടപടികൾ സ്വീകരിക്കാത്തത് പരാതിയില്‍ ചൂണ്ടികാട്ടുന്നു. ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കാത്തത് 2020-2021-ലെ മുൻസിപ്പൽ ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. എന്നിട്ടും 90 ശതമാനം ഫണ്ടും മുന്‍വര്‍ഷങ്ങളില്‍ വിനിയോഗിച്ചു എന്ന ബിജെപി കൗണ്‍സിലര്‍മാരുടെ വാദം ഭക്തജനങ്ങളെയും നാട്ടുകാരെയും വ‍ഞ്ചിക്കുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണെന്ന് ശ്രീകുമാര്‍ കുറ്റപ്പെടുത്തുന്നു.

ഇത്രയേറെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും ക്ഷേത്രം സ്ഥിതിചെയ്യുന്ന വാര്‍ഡിലെ കൗണ്‍സിലറോ സമീപവാര്‍ഡുകളിലെ കൗണ്‍സിലര്‍മാരോ വിഷയം നഗരസഭയില്‍ ഉന്നയിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ലെന്നാണ് ഉപദേശകസമിതിയുടെ ആരോപണം. എന്നാല്‍ തങ്ങള്‍ ഈ വിവരം നഗരസഭാ കൌണ്‍സിലില്‍ അവതരിപ്പിച്ചുവെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കൌണ്‍സിലര്‍മാര്‍ പറഞ്ഞത്. അങ്ങിനെയെങ്കില്‍ എന്തുകൊണ്ടാണ് ഈ കൌണ്‍സിലര്‍മാര്‍ ഭരണസമിതിയുടെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ജനങ്ങളെ ധരിപ്പിക്കാനോ ഉന്നതതലങ്ങളില്‍ പരാതി നല്‍കാനോ തയ്യാറാകാത്തത് എന്നും ചോദ്യമുയരുന്നു. ക്ഷേത്രത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യങ്ങളില്‍ ഈ കൗണ്‍സിലര്‍മാരുടെയോ ഏതെങ്കിലും ഹൈന്ദവസംഘടനകളുടെയോ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നും ശ്രീകുമാര്‍ ചോദിക്കുന്നു. തങ്ങളുടെ വീഴ്ചകള്‍ മറച്ചുവെക്കുവാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഈ സംഭവത്തെ ഈ കൌണ്‍സിലര്‍മാര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ശ്രീകുമാര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം ഉപദേശകസമിതി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഭാഗമല്ലെന്നും ഭക്തര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നു ശ്രീകുമാര്‍ വ്യക്തമാക്കി.

ഇടത്താവള ഫണ്ട് അനുവദിച്ച വർഷം മുതൽ നാളിതുവരെ ഓരോ വർഷവും ഏതെല്ലാം കാര്യങ്ങൾക്കാണ് തുക വിനിയോഗിച്ചത് എന്നത് നഗരസഭ വെളിപ്പെടുത്തണം. മുന്‍വര്‍ഷങ്ങളിലെ എല്ലാ ഓഡിറ്റ് റിപ്പോർട്ടുകളും വിശദമായി പരിശോധിക്കുകയും നിബന്ധനകൾക്ക് വിരുദ്ധമായി ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെപ്പറ്റി അന്വേഷിക്കണമെന്നും മന്ത്രിമാര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. ഭരണസംബന്ധമായതും ഉദ്യോഗസ്ഥപരവുമായ ഗുരുതരമായ വീഴ്ചകളില്‍  അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതോടൊപ്പം ഈ വർഷം അനുവദിച്ച ഫണ്ട് പൂർണമായും സമയപരിധിക്കുള്ളിൽ വിനിയോഗിക്കുവാ ൻ വേണ്ട നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ഓഡിറ്റ് റിപ്പോർട്ടില്‍ പ്രതിപാദിക്കുന്ന പ്രകാരമുള്ള നീക്കിയിരിപ്പ് തുക വിനിയോഗിച്ച് എം സി റോഡിൽ പടിഞ്ഞാറെനടയില്‍ സ്ഥിതിചെയ്യുന്ന ഏറ്റുമാനൂരപ്പൻ ബസ് ബേ നവീകരിച്ച് കുടിവെള്ളവും വെളിച്ചവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ശ്രീകുമാര്‍ ആവശ്യപ്പെടുന്നു. ഉപദേശകസമിതിയുടെ അപേക്ഷപ്രകാരം അന്ന് ജില്ലാ പ‍ഞ്ചായത്ത് അംഗം ജോസ്മോന്‍ മുണ്ടക്കലിന്‍റെ നേതൃത്വത്തില്‍ 2012ല്‍ ഹരിവരാസനം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബസ്ബേ നിര്‍മ്മിച്ചത്. ഏറ്റുമാനൂര്‍ ക്ഷേത്രപരിസരം ഇരുട്ടിലായിരിക്കുമ്പോഴും ഇടത്താവളഫണ്ട് ഉപയോഗിച്ച് പരിസരത്തെ വാര്‍ഡുകളില്‍ വൈദ്യുതിവിളക്ക് തെളിയിച്ചു എന്ന കൌണ്‍സിലര്‍മാരുടെ വാദവും ആരോപണവിധേയമാകുന്നു. ശബരിമല തീര്‍ത്ഥാടകര്‍ എത്തുന്നത് ക്ഷേത്രത്തിലാണെന്നും അതിനാല്‍ അവര്‍ക്കുള്ള സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത് ക്ഷേത്രത്തിലും അനുബന്ധമേഖലകളിലുമാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K