30 October, 2022 03:30:46 PM


'പരേതന്മാര്‍ക്കും ലഭിക്കും' ഏറ്റുമാനൂര്‍ നഗരസഭയില്‍നിന്ന് ക്ഷേമപെന്‍ഷനുകള്‍

- സ്വന്തം ലേഖകന്‍ഏറ്റുമാനൂര്‍: മരിച്ചാലും കിട്ടും ഏറ്റുമാനൂര്‍ നഗരസഭയില്‍നിന്ന് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കളുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ദിവസം തന്നെ പെന്‍ഷന്‍ സസ്പെന്‍റ് ചെയ്യണമെന്നാണ് നിയമം. മറ്റേതെങ്കിലും തദ്ദേശസ്ഥാപനത്തിന്‍റെ പരിധിയില്‍വെച്ചാണ് മരണം സംഭവിക്കുന്നതെങ്കില്‍ ഇവിടെ നിന്നും അതേ ദിവസം തന്നെ പെന്‍ഷന്‍ അനുവദിച്ചുനല്‍കിയ തദ്ദേശസ്ഥാപനത്തില്‍ വിവരമറിയിക്കണമെന്നും നിയമത്തില്‍ അനുശാസിക്കുന്നു.

എന്നാല്‍ ഏറ്റുമാനൂര്‍ നഗരസഭയില്‍ ഈ നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2020-21 കാലയളവിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്.  പെന്‍ഷണര്‍ മരണപ്പെട്ടതിനുശേഷം രണ്ട് വര്‍ഷം വരെ പെന്‍ഷന്‍ തുക ബാങ്ക് അക്കൊണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നതായി കണ്ടെത്തി. ഗുണഭോക്താക്കളുടെ മരണവിവരം നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നതെന്നതും ഏറെ കൌതുകം ജനിപ്പിക്കുന്നു.

ഇത്തരത്തില്‍ കൂടുതല്‍ പെന്‍ഷന്‍ തുക ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട മൂന്ന് പേരുടെ വിവരങ്ങള്‍ ഉദാഹരണമായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുമുണ്ട്. പേരൂര്‍ കരോട്ടത്തറ ലീല 2020 മാര്‍ച്ച് 9ന് മരിച്ചതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ 2020 ഏപ്രില്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള 21 മാസവും പരേതയ്ക്ക് നഗരസഭ പെന്‍ഷന്‍ നല്‍കി. 2020 മെയ് 5ന് മരിച്ച പേരൂര്‍ നടയ്ക്കല്‍ എന്‍.എ.പാപ്പനും 2020 മെയ് 24ന് മരിച്ച തെള്ളകം പുള്ളത്തിച്ചിറ ഏലി സേവ്യറിനും 2020 ജൂണ്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള 19 മാസം പെന്‍ഷന്‍ വിതരണം ചെയ്തെന്നാണ് രേഖകള്‍.


ഈ വിഷയത്തില്‍ 2022 ജനുവരി 17ന് നല്‍കിയ ഓഡിറ്റ് അന്വേഷണക്കുറിപ്പിന് നഗരസഭ മറുപടി നല്‍കിയിട്ടുമില്ല. സംസ്ഥാന ധനകാര്യ വകുപ്പിന്‍റെ സര്‍ക്കുലര്‍ പ്രകാരം ഗുണഭോക്താക്കളെ സമയബന്ധിതമായി ലിസ്റ്റില്‍ നിന്നും ഒഴിവാക്കാത്തതുമൂലമുണ്ടാകുന്ന നഷ്ടം തദ്ദേശസ്ഥാപനത്തിന്‍റെ സെക്രട്ടറിയില്‍നിന്ന് ഈടാക്കണമെന്നാണ്. ഇതിനാവശ്യമായ നടപടിയെടുക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.  


അതേസമയം 2020-21 വര്‍ഷം വിവിധ ക്ഷേമപെന്‍ഷനുകള്‍ നല്‍കിയ ഇനത്തില്‍ ഒമ്പത് കോടിയിലേറെ രൂപ ചെലവഴിച്ചതായാണ് നഗരസഭാ കണക്കുകള്‍ വ്യക്തമാക്കുന്നത്. പെന്‍ഷന്‍ പദ്ധതികളും ചെലവഴിച്ച തുകയും എത്ര പേര്‍ക്ക് നല്‍കി എന്നതും (ബ്രായ്ക്കറ്റില്‍) ചുവടെ.

തൊഴില്‍രഹിതവേതനം - 10,440 രൂപ (15), കര്‍ഷകതൊഴിലാളി പെന്‍ഷന്‍ - 43,05,600 രൂപ (225), വിധവാ പെന്‍ഷന്‍‍ - 2,28,23,100 രൂപ (1022), വാര്‍ദ്ധക്യകാല പെന്‍ഷന്‍ - 5,53,40,900 രൂപ (2644), വികലാംഗപെന്‍ഷന്‍ - 75,23,000 രൂപ (361), 50 വയസ് കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ - 12,43,600 രൂപ (41), വിധവകളുടെ മക്കള്‍ക്ക് വിവാഹധനസഹായം - 1,20,000 രൂപ (4).

നഗരസഭയിലെ അക്കൌണ്ടിംഗ് സമ്പ്രദായത്തില്‍ വളരെയധികം അപാകതകള്‍ ഉള്ളതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. സ്ഥിരമായ അക്കൌണ്ടന്‍റ് ഇല്ലാത്തതും ചാര്‍ജ് വഹിക്കുന്നവര്‍ക്ക് ശരിയായ പരിശീലനം ലഭ്യമാക്കാത്തതുമാണ് കാരണമായി പറയുന്നത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ കണക്കുകളിലും വന്‍പിഴവാണ് കണ്ടെത്തിയത്. ക്യാഷ് ബുക്ക് പ്രകാരമുള്ള വരവുചെലവുകണക്കുകള്‍ ധനകാര്യ പത്രികയിലെ കണക്കുകളുമായി പൊരുത്തപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

തുടരും... (അടുത്തത് - വിനിയോഗിക്കാതെ ഗ്രാന്‍റുകള്‍; പാതിവഴിയില്‍ മുടങ്ങി പദ്ധതികള്‍)


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K