02 November, 2022 04:02:59 PM


പട്ടിത്താനം - മണര്‍കാട് ബൈപ്പാസ് വ്യാഴാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിനു സമർപ്പിക്കും



ഏറ്റുമാനൂര്‍: നിർമാണം പൂർത്തീകരിച്ച പട്ടിത്താനം-മണർകാട് ബൈപ്പാസ് റോഡ് നാളെ (നവംബർ 3) നാടിനു സമർപ്പിക്കും. ഏറ്റുമാനൂർ പാറകണ്ടം ജങ്ഷനിൽ രാവിലെ 10.00 മണിക്കു നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർഹിക്കും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായിരിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നിർവഹിക്കും. കോട്ടയം നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിക്കും.

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.ജെ. ജയശ്രീ, ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്, ഏറ്റുമാനൂർ നഗരസഭാംഗങ്ങളായ വി.എസ്. വിശ്വനാഥൻ, സുരേഷ് വടക്കേടത്ത്, രശ്മി ശ്യാം, മുൻ എം.എൽ.എ. കെ.സുരേഷ്‌കുറുപ്പ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ എ.വി. റസൽ, ബാബു ജോർജ്, ബിനു ബോസ്, ടോമി പുളിമാൻതുണ്ടം, ഏറ്റുമാനൂർ രാധാകൃഷ്ണൻ, ജോസ് ഇടവഴിക്കൽ, രാജീവ് നെല്ലിക്കുന്നേൽ, ലതിക സുഭാഷ്, ടോമി നരിക്കുഴി, പി.കെ. അബ്ദുൾ സമദ്, സംഘാടകസമിതി ജനറൽ കൺവീനർ ഇ.എസ്. ബിജു, പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ടി.വി. രജനി, ഫാ. ജോസ് മുകുളേൽ, കെ.എൻ. ശ്രീകുമാർ, മുഹമ്മദ് ബഷീർ അൽ അബ്‌റാരി, ആർ. ഹേമന്ത്കുമാർ, എൻ.പി. തോമസ്, എം.കെ. സുഗതൻ എന്നിവർ പ്രസംഗിക്കും.  

എം.സി. റോഡിൽ പട്ടിത്താനം ജംഗ്ഷനിൽ നിന്നാരംഭിച്ച് ദേശീയപാത 183ൽ മണർകാട് ജങ്ഷനിൽ എത്തിച്ചേരുന്ന ബൈപാസിനു 13.30 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. മൂന്നുഘട്ടമായാണ് നിർമാണം പൂർത്തിയാക്കിയത്. 1.80 കിലോമീറ്റർ വരുന്ന അവസാനഘട്ടം കൂടി പൂർത്തിയായതതോടെയാണ് ബൈപാസ് പൂർണതോതിൽ സജ്ജമായത്. മൂന്നാംഘട്ടത്തിന് 12.60 കോടി രൂപയാണ് ചെലവ്.

മണർകാട്-പൂവത്തുംമൂട് വരെയുള്ള ഒന്നാംഘട്ടം 2016 ലും പൂവത്തുംമൂട് മുതൽ ഏറ്റുമാനൂർ- പൂഞ്ഞാർ സംസ്ഥാന പാതയിൽ പാറകണ്ടം ജംഗ്ഷൻ വരെയുള്ള ഭാഗം 2020ലും പൂർത്തീകരിച്ചിരുന്നു. തുടർന്നുള്ള പ്രവർത്തനങ്ങൾ സ്ഥലമെറ്റെടുപ്പ് നടപടികൾക്ക് ശേഷം 2020 ഓഗസ്റ്റിൽ ആരംഭിച്ചെങ്കിലും ഏറ്റെടുത്ത സ്ഥലങ്ങളിലെ വൃക്ഷങ്ങൾ, കെട്ടിടങ്ങൾ, വസ്തുവകകൾ തുടങ്ങിയവ നീക്കം ചെയ്ത് 2021 ലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയും സ്ഥലം വിട്ടുകിട്ടുന്നതിലുള്ള നിയമ തടസങ്ങള്‍ നീക്കിയും വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ തരണം ചെയ്തുമാണ് നിർമാണം പൂർത്തീകരിച്ചത്.

മന്ത്രി വി.എൻ. വാസവൻ എല്ലാ മാസവും നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. മന്ത്രിയുടെ ഇടപെടലിലൂടെ  സ്ഥലമേറ്റെടുപ്പ് അടക്കമുള്ളവയ്ക്ക് വേഗം കൂടി. ബൈപ്പാസ് നിർമാണം പൂർത്തിയായതോടെ സംസ്ഥാനത്തിന്റെ വടക്ക്, കിഴക്ക് ഭാഗത്ത് നിന്നുള്ള യാത്രക്കാർക്ക് തിരുവനന്തപുരമടക്കം തെക്കൻ ജില്ലകളിലേയ്ക്ക് കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ ടൗണുകളിലെ ഗതാഗത കുരുക്കിൽ പെടാതെ എളുപ്പത്തിൽ എത്തിച്ചേരാം.എം.സി. റോഡിൽ നിന്ന് ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിലേക്ക് ഏറ്റുമാനൂർ നഗരം ചുറ്റാതെ പോകാനാകും.

1.80 കിലോമീറ്റർ നീളത്തിൽ ശരാശരി 16 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്ത് 10 മീറ്റർ ശരാശരി കാരിജ് വേ നിർമിച്ചാണ് പട്ടിത്താനം- പാറകണ്ടം ഭാഗത്തെ ബൈപാസ് റോഡ് നിർമാണം പൂർത്തീകരിച്ചത്. ഏറ്റെടുത്ത ഭൂമിയിലൂടെ ഒഴുകിയിരുന്ന തോടിന്റെ നീരൊഴുക്ക് തടസ്സപ്പെടാതെയിരിക്കാൻ  ഒമ്പത് കലുങ്കുകളും അരികുചാലുകളും നിർമ്മിച്ചു. ഇരുവശവും സംരക്ഷണ ഭിത്തി നിർമിച്ച് റോഡ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്ന പ്രവർത്തികൾ നടന്നു വരികയാണ്. തിരക്കേറിയ പാറകണ്ടം - തവളക്കുഴി ജങ്ഷനുകളിൽ കെൽട്രോൺ മുഖാന്തരം 17 ലക്ഷം രൂപ ചെലവിൽ സോളാർ സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനായുള്ള എസ്റ്റിമേറ്റ് ജില്ലാ റോഡ് സുരക്ഷ അതോറിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ പാറകണ്ടം- പട്ടിത്താനം ജങ്ഷനുകളിൽ ട്രാഫിക് ഐലന്റുകൾ സ്ഥാപിക്കുന്നതിനായുള്ള പഠനം നടത്തുന്നതിന് നാറ്റ് പാക്കിന്റെ സേവനവും തേടിയിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K