18 November, 2022 03:37:43 PM


കേരളത്തെ സുതാര്യമായി അടയാളപ്പെടുത്താൻ ഡിജിറ്റൽ സർവേ പൂർത്തിയാക്കണം - മന്ത്രി കെ. രാജൻ

- പെരുമ്പായിക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു



കോട്ടയം: കേരളത്തെ സുതാര്യമായി അടയാളപ്പെടുത്താൻ ഡിജിറ്റൽ സർവേ പൂർത്തിയാക്കണമെന്നു റവന്യൂ-ഭവന നിർമാണ വകുപ്പുമന്ത്രി അഡ്വ. കെ. രാജൻ. പരമ്പരാഗതമായ രീതിയിൽ റീസർവേ നടന്ന ഭൂമിയിലടക്കം റീസർവേ പൂർത്തിയാക്കും. റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ അടക്കമുള്ള അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു നടപ്പാക്കുന്ന റീസർവേ നാലു വർഷത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പെരുമ്പായിക്കാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും പട്ടയവിതരണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഡിജിറ്റൽ റീസർവേ പൂർണമായി ജനസഹകരണത്തോടെ നടപ്പാക്കും. കരട് സർവേ പ്രസിദ്ധീകരിക്കുമ്പോൾ തന്നെ ആരുടെ ഭൂമി, എങ്ങനെയാണെന്നുള്ള വിവരങ്ങൾ ഓരോരുത്തരും രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിൽ ലഭ്യമാകും. ഭൂമി വാങ്ങുന്നവർക്കു തങ്ങളുടെ ഭൂമിയുടെ മുഴുവൻ ചരിത്രവും അറിയാൻ പറ്റുന്ന തരത്തിൽ രേഖകൾ ഡിജിറ്റൽ സർവേയിലൂടെ ലഭ്യമാകും. ഭൂമി പോക്കുവരവിന് സജ്ജമാണോ എന്നു വാങ്ങുമ്പോൾ തന്നെ അറിയാനാകും. കേരളത്തിലെ എല്ലാ വകുപ്പുകൾക്കും ആവശ്യമാകുന്ന രേഖകൾ നൽകുന്ന തരത്തിൽ ഡിജിറ്റൽ റീസർവേ സംസ്ഥാനത്തിന്റെ സമ്പത്താകും. ഈ സാഹചര്യത്തിലാണ് വില്ലേജോഫീസുകൾ സ്മാർട്ട് ആകേണ്ടതിന്റെ ആവശ്യകത പ്രസക്തമാകുന്നത്.


സംസ്ഥാനത്തെ വില്ലേജോഫീസുകൾ മുഴുവൻ സ്മാർട്ടാക്കുകയാണ് സർക്കാർ ലക്ഷ്യം. റവന്യൂ വകുപ്പിൽ അപേക്ഷ നൽകിയതിന്റെ പിറ്റേന്നു തന്നെ പരിഹാരമുണ്ടാകുന്ന തരത്തിൽ വകുപ്പിന്റെ ആധുനീകരണമാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
വേളൂർ സ്വദേശി കെ. സരസമ്മ, തിരുവാർപ്പ് സ്വദേശി ടി.ആർ. മദൻലാൽ, വില്ലൂന്നി സ്വദേശി പി.സി. പ്രകാശൻ, അയ്മനം സ്വദേശി വി.എൻ. പ്രദീപ്, പുളിങ്കുന്ന് സ്വദേശി മണിയൻ കാണശേരി, പുലിക്കുട്ടിശേരി സ്വദേശി ഗീതാ ബാബു, തിരുവാർപ്പ് സ്വദേശി പി. സലികുമാർ എന്നിവർക്കുള്ള പട്ടയവവിതരണവും മന്ത്രി നിർവഹിച്ചു.  ഓണംതുരുത്ത് വില്ലേജ് ഓഫീസിനുള്ള ഭൂമി കൈമാറ്റസമ്മതപത്രം റോയ്സ് ഏബ്രഹാമിൽനിന്നും അയർക്കുന്നം വില്ലേജ് ഓഫീസ് നിർമാണത്തിനുള്ള ഭൂമി കൈമാറ്റ സമ്മതപത്രം സെന്റ് സെബാസ്റ്റിയൻസ് പള്ളി ഭാരവാഹികളിൽനിന്നും മന്ത്രി ഏറ്റുവാങ്ങി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനായി. തോമസ് ചാഴികാടൻ എം.പി. വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കോട്ടയം നഗരസഭാധ്യഷ ബിൻസി സെബാസ്റ്റിയൻ, സബ് കളക്ടർ സഫ്ന നസറുദീൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്, കോട്ടയം തഹസീൽദാർ എസ്.എൻ. അനിൽകുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അഡ്വ. വി.ബി. ബിനു, കെ.കെ ശ്രീമോൻ, ടി.സി. ബിനോയി, സാബു മാത്യു, തങ്കച്ചൻ വാലയിൽ, അസീസ് കുമാരനല്ലൂർ, സാംജി തോമസ്, രാജേഷ് നട്ടാശേരി, മനോജ്കുമാർ, വി.സി. രാജേഷ് എന്നിവർ പ്രസംഗിച്ചു. പൊതുമരാമത്തു വകുപ്പ് കെട്ടിടവിഭാഗത്തിനായിരുന്നു ഓഫീസ് നിർമ്മാണത്തിന്റെ ചുമതല.

ഫോട്ടോ ക്യാപ്ഷൻ:

പെരുമ്പായിക്കാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വന്യൂ-ഭവന നിർമാണ വകുപ്പുമന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കുന്നു.

പെരുമ്പായിക്കാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങിൽ നടന്ന പട്ടയമേളയിൽ വേളൂർ സ്വദേശി കെ. സരസമ്മയ്ക്കു റവന്യൂ-ഭവന നിർമാണ വകുപ്പുമന്ത്രി അഡ്വ. കെ. രാജൻ പട്ടയം കൈമാറുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K