04 March, 2023 12:30:45 PM


കൈക്കൂലി: എംവിഐ ഉള്‍പ്പെടെ നാല് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍



കോട്ടയം: പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ മോട്ടോർ വൈഹിക്കിൾ ഇൻസ്പെക്ടര്‍ എഎംവിഐ എന്നിവര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്പപെന്‍റ് ചെയ്തു. 2021 സെപ്തംബര്‍ 14ന് വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയില്‍ ഗുരുതരക്രമക്കേടുകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് മോട്ടോർ വൈഹിക്കിൾ ഇൻസ്പെക്ടര്‍ എസ്.അരവിന്ദ്, അസിസ്റ്റന്‍റ് മോട്ടോർ വൈഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത്, സീനിയർ ക്ലാർക്കുമാരായ ടിജോ ഫ്രാൻസിസ്, റ്റി.എം.സുല്‍ഫത്ത് എന്നിവർക്കെതിരെയാണ് നടപടി. 


പാലാ - പൊൻകുന്നം റോഡിലെ അട്ടിക്കൽ ഭാഗത്തുള്ള പഴയ ആർ.ടി ഓഫീസിന് സമീപവും പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലും വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയില്‍ വന്‍ ക്രമക്കേടുകളാണ് കണ്ടെത്തിരുന്നത്.  ഉദ്യോഗസ്ഥര്‍ ആർ.ടി ഓഫീസ് ഏജന്റുമാർ മുഖേന അഴിമതിയും ക്രമക്കേടും നടത്തുന്നുവെന്ന ആരോപണത്തിന്മേലായിരുന്നു പരിശോധന.


കാഞ്ഞിരപ്പളളി സബ് ആർ.ടി. ഓഫീസിലെ മുൻ എംവിഐ അരവിന്ദ് എസ് 2019 ജൂലൈ മാസം മുതൽ 16/08/2021 വരെയുള്ള കാലയളവിൽ അധികാര ദുർവിനിയോഗം നടത്തുകയും ആർ.ടി ഏജന്റുമാർ മുഖാന്തിരം കൈക്കൂലി വാങ്ങിയിരുന്നതായും കണ്ടെത്തി.


2020 ഒക്ടോബർ മാസം മുതൽ കാഞ്ഞിരപ്പള്ളി സബ്ബ് ആർ ടി ഓഫീസിൽ എഎംവിഐ ആയ  ശ്രീജിത് പി. എസ്. പരിശോധന നടന്ന ദിവസം ഓഫീസിലെ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ 380 രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം വിജിലന്‍സ് ഈ ഉദ്യോഗസ്ഥന്‍റെ പക്കല്‍നിന്നും 6850 രൂപ പിടിച്ചെടുത്തു. ഇതു സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഈ 6850 രൂപയിൽ 2000 രൂപ ആർ.ടി ഏജന്‍റ് അബ്ദുൾ സമദും 4850 രൂപ മാർട്ടിൻ എന്ന ആർ.ടി എജന്‍റും കൈക്ലികൂയായി കൊടുത്തതാണെന്ന് കണ്ടെത്തി.


ആർ. ടി ഏജന്‍റ് ശ്രീ.അബ്ദുൾ സമദിന്‍റെ മൊഴിയിൽ നിന്നും ശ്രീജിത്ത് പി.എസ്. ടെസ്റ്റ് ചെയ്യുന്ന ഒരോ വാഹനത്തിനും 500 രൂപ വീതം കൈക്കൂലി വാങ്ങുന്നതായും വ്യക്തമായി. കൂടാതെ മിന്നൽ പരിശോധനയിൽ ആർ.ടി ഏജന്‍റ് നിയാസിൽ നിന്നും കണ്ടെടുത്ത എഴുതിയ പേപ്പറിൽ നിന്നും ശീജിത്തുമായുള്ള സാമ്പത്തിക ഇടപാടുകളും കണ്ടെത്തി.


കാഞ്ഞിരപ്പള്ളി സബ് ആർ.ടി ഓഫീസിലെ മുൻ സീനിയർ ക്ലാർക്ക് (01-11-2019 മുതൽ 08/09/2021 വരെ) ടിജോ ഫ്രാൻസിസ് ഏജന്റുമാർ മുഖാന്തിരം പടി വാങ്ങിയിരുന്നതായും സാധാരണക്കാർക്ക് യഥാസമയം സേവനം ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയിരുന്നതായും കണ്ടെത്തി. ആർ ടി എന്‍റ് നിയാസിന്റെ പോക്കറ്റിൽ നിന്നും കിട്ടിയ തുണ്ട് കടലാസിൽ വാഹനങ്ങളുടെ നമ്പരിനൊപ്പം 100, 50 എന്നീ സംഖ്യകൾ എഴുതിയിരുന്നത് ടിജോ ഫ്രാൻസിസിനുള്ള കൈക്കൂലി ആണെന്നും കണ്ടെത്തിയിരുന്നു.


കാഞ്ഞിരപ്പള്ളി ആർ ടി ഓഫീസിൽ സെപ്റ്റംബർ 2020 മുതൽ സീനിയർ ക്ലർക്ക് ആയി പ്രവർത്തിച്ചു വരുന്ന റ്റി.എം.സുല്‍ഫത്തിന്‍റെ പേരെഴുതിയ പൊതിഞ്ഞ പേപ്പറിനോടൊപ്പം 1500 രൂപ ആർ.ടി ഏജന്‍റ് നിയാസിന്‍റെ പക്കൽ നിന്നും ലഭിച്ചിരുന്നു. ഇതിലൂടെ ഇവര്‍ സ്ഥിരമായി കൈക്കൂലി വാങ്ങുന്നതായും വ്യക്തമായി.


ആർ.ടി ഏജന്‍റുമാരുമായി വഴിവിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരായ അരവിന്ദ് എസ്. (PEN - 135094), ശ്രീജിത്ത് പി. എസ്. (PEN 51311), ടിജോ ഫ്രാൻസിസ് (PEN - 326387), സുൽഫത്ത് റ്റി എം (PEN - 505064) എന്നീ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് സെക്രട്ടറി ബിജു പ്രഭാകര്‍ ഉത്തരവായി. സസ്പെന്‍ഷന്‍ കാലയളവിൽ ഈ ഉദ്യോഗസ്ഥർക്ക് ചട്ട പ്രകാരമുള്ള ഉപജീവനബത്തയ്ക്ക് അര്‍ഹതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K