18 April, 2023 08:07:49 PM


ജലജീവൻ മിഷൻ: 7 ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ള കണക്ഷൻ സമ്പൂർണമായി



കോട്ടയം: ജലജീവൻ മിഷൻ കുടിവെള്ളപദ്ധതിയിലൂടെ കോട്ടയം ജില്ലയിലെ ഏഴു ഗ്രാമപഞ്ചായത്തുകളിൽ നൂറുശതമാനം കുടിവെള്ള കണക്ഷൻ നൽകി. ആർപ്പൂക്കര, കുമരകം, തലയാഴം, വെച്ചൂർ, ടി.വി. പുരം, തലയോലപ്പറമ്പ്, ഉദയനാപുരം ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായെന്നു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന  പതിനാറാമത് ജില്ലാ ജല ശുചിത്വ മിഷൻ (ഡി.ഡബ്‌ള്യൂ.എസ്.എം) യോഗം വ്യക്തമാക്കി. 


ഏപ്രിൽ 18 വരെയുള്ള കണക്കനുസരിച്ച് ജില്ലയിലെ 2,024,69 വീടുകളിലാണ് കുടിവെള്ള കണ്ഷൻ നൽകാനായിട്ടുള്ളത്; 46.36 ശതമാനം. ജില്ലയിൽ 4,82,878 ഗ്രാമീണ വീടുകളാണ് ഉള്ളത്. മുഴുവൻ ഗ്രാമീണ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ജൽ ജീവൻ മിഷൻ പദ്ധതിക്കു മുമ്പ് ഇതിൽ 1,09,944(22.77%) വീടുകളിൽ കുടിവെള്ള കണക്ഷൻ ലഭ്യമായിരുന്നു. ശേഷിക്കുന്ന 3,72,934 വീടുകളിൽ നാളിതുവരെ 92525 (24.81%) പുതിയ കണക്ഷനുകൾ ജൽ ജീവൻ പദ്ധതിപ്രകാരം നൽകി. ഇതുകൂടാതെ 16515 കണക്ഷനുകൾ കൂടി(എച്ച്.ടി.സി.) ലഭ്യമാക്കിയിട്ടുണ്ട്.


3,72,934 കണക്ഷനുകൾ നൽകാൻ 3860 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. ഇതിൽ 3,64,011 കണക്ഷനുകൾ നൽകുന്നതിനായി 1003. 74 കോടി രൂപയുടെ സാങ്കേതികാനുമതിയും നൽകി. 2,61,651 കണക്ഷനുകൾക്കായി 597.58 കോടി രൂപയുടെ ടെൻഡർ പൂർത്തീകരിച്ചു.പദ്ധതിക്കായി ഓവർഹെഡ് ടാങ്കുകൾ നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതാണ് പദ്ധതി പൂർത്തിയാക്കലിനു വെല്ലുവിളിയായി തുടരുന്നത്. 26 ഇടങ്ങളിലായി 231 സെന്‍റ് സർക്കാർ ഭൂമി ഏറ്റെടുക്കേണ്ടതിൽ നാലിടങ്ങളിലായി 22 സെന്‍റ് ഭൂമി ഏറ്റെടുത്തിട്ടുണ്ട്.  138 സ്ഥലങ്ങളിലായി 1266 സെന്‍റ് സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടതിൽ 12 സ്ഥലങ്ങളിലായി 263 സെന്റ് ഭൂമിയേ ഇതുവരെ ഏറ്റെടുക്കാനായിട്ടുള്ളു.

യോഗത്തിൽ ജല അതോറിട്ടി കോട്ടയം പി.എച്ച്. സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ പി.എസ്. പ്രദീപ്, ജല അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ ഡി. ബിജീഷ്, കെ. സുരേഷ്, എ. മുഹമ്മദ് റഷീദ്, എസ്.ജി. കാർത്തിക, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഗീത അലക്‌സാണ്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K