16 May, 2023 10:43:59 AM


ചിത്രം, വന്ദനം തുടങ്ങി സൂപ്പർഹിറ്റ് സിനിമകളുടെ നിർമാതാവ് പി.കെ.ആർ. പിള്ള അന്തരിച്ചു



കൊച്ചി: ചിത്രം, വന്ദനം തുടങ്ങി മലയാളത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു പിടി ചിത്രങ്ങള്‍ സമ്മാനിച്ച നിർമാതാവ് പി കെ ആർ പിള്ള അന്തരിച്ചു. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓർക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറിൽ പിറന്നത്.

മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെ ബോക്‌സോഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ച് മുന്നേറിയ സിനിമകളുടെ സൃഷ്ടാവ് അവസാന നാളുകളിൽ മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാത്ത അവസ്ഥയിലായിരുന്നത് നേരത്തെ വാര്‍ത്തകളിൽ ഇടംനേടിയിരുന്നു.

എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് പി.കെ.ആർ പിള്ള. മുംബൈയിലായിരുന്നു ബിസിനസ്. മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ചരിത്രവും പിളളയ്ക്കുണ്ട്. ഇന്ദിരഗാന്ധിയുമായി അടുത്ത സൗഹൃദവും പിളളയ്ക്കുണ്ടായിരുന്നു. 20 വർഷത്തിനിടെയാണ് 22 സിനിമകൾ അദ്ദേഹം നിർമ്മിച്ചത്. 12 വർഷം മുൻപാണ് ബിസിനസ് തകർന്നതോടെ തൃശൂരിൽ താമസമാക്കിയത്.

1984ല്‍ നിര്‍മ്മിച്ച വെപ്രാളം ആയിരുന്നു പികെആര്‍ പിള്ളയുടെ ആദ്യചിത്രം. പിന്നീട് ഓണത്തുമ്പിക്കൊരൂഞ്ഞാല്‍, പുലി വരുന്നേ പുലി, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ തുടങ്ങി പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K