21 May, 2023 12:52:34 PM


ഭിക്ഷാടനവും അനധികൃതപിരിവും നിരോധിച്ച് ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍



ഏറ്റുമാനൂര്‍: സമൂഹത്തില്‍ മോഷണം, പിടിച്ചുപറി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തുടങ്ങിയവ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവയ്ക്കെതിരെ മുന്‍കരുതലുമായി ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍. ഇതിന്‍റെ ഭാഗമായി ഭിക്ഷാടനവും അനധികൃത പിരിവുകളും വീടുകള്‍ കയറിയിറങ്ങിയുള്ള അനധികൃത കച്ചവടങ്ങളും അസോസിയേഷന്‍ പ്രവര്‍ത്തനപരിധിയില്‍ നിരോധിച്ചുകൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ലൌലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.


ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി നഗരസഭയുമായി സഹകരിച്ച് ഏറ്റുമാനൂര്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അസോസിയേഷന്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്‍റെ ഉദ്ഘാടനവും ചെയര്‍പേഴ്സണ്‍ നിര്‍വഹിച്ചു. ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍റെ മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിന്‍റെ ചുവടുപിടിച്ച് നഗരസഭയിലെ എല്ലാ വാര്‍ഡുകളും യാചകനിരോധനമേഖലയാക്കി മാറ്റണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ടെന്ന് ലൌലി ജോര്‍ജ് പറഞ്ഞു.


ഏറ്റുമാനൂര്‍ ടെമ്പിള്‍ റോഡില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എം.എസ്.മോഹന്‍ദാസ് അധ്യക്ഷനായിരുന്നു. നഗരസഭാ മുന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ ഗണേശ് ഏറ്റുമാനൂര്‍, കേറ്റര്‍ ഗ്രൂപ്പ് ഉടമ ബോബി തോമസ്, അസോസിയേഷന്‍ സെക്രട്ടറി ബി.സുനില്‍കുമാര്‍, ട്രഷറര്‍ എന്‍.വിജയകുമാര്‍, എം.എസ്.അപ്പുകുട്ടന്‍നായര്‍, ജി.മാധവന്‍കുട്ടി നായര്‍, ബി അരുണ്‍കുമാര്‍, ടി.ജി.രാമചന്ദ്രന്‍ നായര്‍, അഡ്വ സി.എല്‍.ജോസഫ്, ബിജു ജോസഫ്, കോട്ടയം ഗോപകുമാര്‍, ജി ശ്രീകുമാര്‍, ഹരീഷ് വടക്കേടം തുടങ്ങിയവര്‍ പങ്കെടുത്തു.


ഏറ്റുമാനൂര്‍ നഗരസഭയുടെ 33, 34, 35 വാര്‍ഡുകളിലും അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലും ഉള്‍പ്പെട്ട ഏറ്റുമാനൂര്‍ ടൌണ്‍ പ്രദേശങ്ങളാണ് ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍റെ പ്രവര്‍ത്തനപരിധിയില്‍ ഉള്ളത്. ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി തുടക്കത്തില്‍ എം.സി.റോഡിലും ഇടറോഡുകളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്ന യാചകരെയും അനധികൃതപിരിവുകാരെയും പൂര്‍ണ്ണമായി ഒഴിവാക്കുന്നതിന് ഭവനസന്ദര്‍ശനം നടത്തി ജനങ്ങളെ ബോധവാന്മാരാക്കുകയാണ് അടുത്ത നടപടിയെന്ന് പ്രസിഡന്‍റ് എം.എസ്.മോഹന്‍ദാസ് പറഞ്ഞു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K