27 May, 2023 11:29:45 AM


താമരശ്ശേരിയില്‍ റബ്ബർ ടാപ്പിങിനിടെ കാട്ടുപോത്ത് ആക്രമണം; യുവാവിന് ഗുരുതര പരിക്ക്



കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്‍റെ ആക്രമണം. യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്‍റെ മകൻ റിജേഷിനാണ് പരിക്കേറ്റത്. 35 വയസുകാരനായ റിജേഷ് ഭിന്നശേഷിക്കാരനാണ്.

സംസാരശേഷിയില്ലാത്ത ഇദ്ദേഹം രാവിലെ അച്ഛനൊപ്പം റബ്ബർ ടാപ്പിങിനായാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. രാവിലെ എട്ട് മണിയോടെ റബ്ബർ ടാപ്പിങ് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. 

ഗുരുതരമായി പരിക്കേറ്റ റിജേഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം റിജേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

റിജേഷിന്‍റെ തലയ്ക്കും വയറിനുമാണ് പരിക്കേറ്റത്. റിജേഷിന് സംസാര ശേഷിയില്ലാത്തതിനാൽ കാട്ടുപോത്തിന്‍റെ ആക്രമണം ആദ്യം പിതാവ് അറിഞ്ഞില്ല. പിന്നീട് തിരിഞ്ഞ് നോക്കിയപ്പോഴാണ് മകൻ വീണ് കിടക്കുന്നത് കണ്ടത്. 

കാട്ടുപന്നിയുടെ ആക്രമണം പതിവായ മേഖലയാണിത്. എന്നാൽ കാട്ടുപോത്തിനെ മുൻപ് ഇവിടെ കണ്ടിട്ടില്ല. എവിടെ നിന്നാണ് ഇവിടെ കാട്ടുപോത്ത് എത്തിയതെന്നാണ് ഇപ്പോൾ ജനം ചോദിക്കുന്നത്. റിജേഷിന് ശരീരത്തിന് പുറത്തേക്ക് കാര്യമായ പരിക്കില്ലെങ്കിലും ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റുവെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K