03 July, 2023 05:18:58 PM


ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു



കോട്ടയം: മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിക്ക്, പാഴ്‌സി, ജൈൻ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള 'ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി'യിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. 

ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര ഫ്‌ളോറിംഗ്, പ്ലംബിംഗ്, സാനിട്ടേഷൻ, വൈദ്യുതീകരണം എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണു ധനസഹായം. ഒരു വീടിന്‍റെ അറ്റകുറ്റപ്പണിക്ക് തിരിച്ചടയ്‌ക്കേണ്ടാത്ത 50,000/- രൂപയാണ് ധനസഹായം.

അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്‍റെ പരമാവധി വിസ്തീർണ്ണം 1200 ചതുരശ്രഅടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബം, അപേക്ഷകയോ, അവരുടെ മക്കൾക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിനു മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 

വകുപ്പ് പ്രത്യേകം തയാറാക്കിയ അപേക്ഷാഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോം കളക്ടറേറ്റിൽ നിന്നോ www.minoritywelfare.kerala.gov.in എന്ന വകുപ്പിന്‍റെ വെബ്‌സൈറ്റിൽ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ ഡെപ്യൂട്ടി കളക്ടർ(ജനറൽ), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, കളക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തിൽ തപാൽ വഴിയോ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക് 0481-2562201.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K