16 September, 2023 04:28:28 PM


നിപ: ബേപ്പൂർ ഹാർബറിലും പോർട്ടിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി



കോഴിക്കോട്: ചെറുവണ്ണൂരിൽ നിപ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കണ്ടെയിൻമെന്‍റ് സോണിൽ ഉൾപ്പെട്ട ബേപ്പൂർ ഹാർബറിലും, ബേപ്പൂർ പോർട്ടിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ എ ഗീത ഉത്തരവിറക്കി.

ഫിഷ് ലാൻഡിംഗ് സെന്‍ററുകളിലും ഹാർബറുകളിലും ദിവസേന ബേപ്പൂർ വാർഡിനു പുറത്തുനിന്ന് നിരവധി പേർ എത്തുന്നത് രോഗബാധ വരാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മത്സ്യത്തൊഴിലാളികളും മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരും കച്ചവടക്കാരും ലേലത്തിൽ പങ്കെടുക്കുന്നവരും മുൻകരുതൽ നടപടികൾ സ്വീകരിക്കണം. കണ്ടെയിൻമെന്‍റ് സോൺ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരും.

ബേപ്പൂർ ഹാർബറിലോ, ഫിഷ് ലാൻഡിങ് സെന്‍ററുകളിലോ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ബോട്ടുകൾ അടുപ്പിക്കാനോ മത്സ്യം ഇറക്കാനോ പാടുള്ളതല്ല. മത്സ്യബന്ധനത്തിന് പോയിട്ടുള്ള ബോട്ടുകളും വള്ളങ്ങളും വെള്ളയിൽ ഫിഷ് ലാൻഡിംഗ് സെന്ററിലോ പുതിയാപ്പ ഫിഷ് ലാൻഡിംഗ് സെന്ററിലോ അടുപ്പിക്കണം. ഇവിടെ മത്സ്യമിറക്കാവുന്നതും, ലേലത്തിനും കച്ചവടത്തിനും ഈ പറയുന്ന ഫിഷ് ലാൻഡിങ് സെന്‍ററുകളിലെയും ഹാർബറുകളിലെയും സംവിധാനങ്ങൾ ഉപയോഗപ്പെടുത്താവുന്നതുമാണ്. 

മത്സ്യ കച്ചവടത്തിനും മത്സ്യ ലേലത്തിനും ബേപ്പൂർ ഹാർബറിലെ സൗകര്യങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഉപയോഗപ്പെടുത്താൻ സാധിക്കില്ല. ഇവ പൂട്ടിയിടാൻ ആവശ്യമായ നടപടികൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, അസി. ഡയറക്ടർ എന്നിവർ സ്വീകരിക്കും. ഇക്കാര്യങ്ങൾ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ വി.എച്ച്.എഫ് അല്ലെങ്കിൽ  മറ്റ് വാർത്താവിനിമയ സംവിധാനങ്ങൾ വഴി അറിയിക്കുവാൻ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിക്കും.

ബേപ്പൂരിൽ നിന്നുള്ള വള്ളങ്ങൾക്കും ബോട്ടുകൾക്കും, യാനങ്ങൾക്കും മത്സ്യം ഇറക്കാനും കച്ചവടം നടത്താനുമുള്ള സൗകര്യങ്ങൾ വെള്ളയിൽ ഫിഷ് ലാന്റിങ്ങ് സെന്ററിലും, പുതിയാപ്പ ഹാർബറിലും ഏർപ്പെടുത്തും. നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവി ആവശ്യമായ നടപടികൾ സ്വീകരിക്കും. കോസ്റ്റൽ പോലീസ് പോലീസിന്റെ സഹായവും ഉപയോഗപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K