29 September, 2023 01:31:56 PM


കോട്ടയം തിരുവാർപ്പിൽ ബസുടമയെ മർദ്ദിച്ച സംഭവം; സി ഐ ടി യു നേതാവ് മാപ്പ് പറഞ്ഞു



കോട്ടയം: തിരുവാർപ്പിൽ ബസുടമയെ മർദ്ദിച്ച സംഭവത്തിൽ സി ഐ ടി യു നേതാവ് മാപ്പ് പറഞ്ഞു. ഇതോടെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും സി ഐ ടി യു നേതാവ് അജയൻ  മാപ്പ് അപേക്ഷിച്ചു. 

തുറന്ന കോടതിയിലാണ് അജയൻ മാപ്പ് ചോദിച്ചത്. മാപ്പപേക്ഷ സ്വീകരിക്കരുതെന്ന് വെട്ടിക്കുളങ്ങര ബസുടമ രാജ്‌മോഹൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, കോടതി ഇത് അംഗീകരിക്കാതെ കേസ് തീർപ്പാക്കുകയായിരുന്നു.

ബസ് ഉടമയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് നിലവിലുണ്ടെന്നും അതിനാൽ കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്നും സത്യവാങ്മൂലത്തിലൂടെ അജയൻ ആവശ്യപ്പെട്ടിരുന്നു. മനപ്പൂർവ്വം കോടതി ഉത്തരവ്  ധിക്കരിച്ചിട്ടില്ലെന്നും വാഹനം തടഞ്ഞിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 

കോടതിയലക്ഷ്യ കേസിൽ കക്ഷി ചേർത്ത തന്‍റെ മേൽവിലാസം മോട്ടോർ മെക്കാനിക്ക് യൂണിയൻ കോട്ടയം ജില്ലാ സെക്രട്ടറി എന്നാണ്. താൻ അത്തരമൊരു സംഘടനയുടെ ഭാരവാഹിയല്ല. നിലവിൽ തിരുവാർപ്പ് പഞ്ചായത്തംഗമാണെന്നും അജയൻ വ്യക്തമാക്കിയിരുന്നു. 

ഇടക്കാല ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് എൻ നഗരേഷ് സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്ത് നടപടി സ്വീകരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K