01 October, 2023 04:42:19 PM


നാടിറങ്ങി വൃത്തിയിലേക്ക്; 'മാലിന്യമുക്തം' ശുചീകരണത്തിനു കോട്ടയത്ത് തുടക്കം



കോട്ടയം: നാടിനെ മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. മാലിന്യമുക്തം നവകേരളം പ്രതിജ്ഞയെടുത്തശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയാണ് ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായത്. മെഡിക്കൽ കോളജ് അങ്കണത്തിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ മാലിന്യങ്ങൾ ശേഖരിച്ച് ശുചീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.


ഏറ്റുമാനൂർ നിയമസഭ മണ്ഡലം നവംബർ ഒന്നിന് സമ്പൂർണ മാലിന്യമുക്തമണ്ഡലമാക്കി മാറ്റുന്നതിനുള്ള 'വൃത്തി' കർമ്മപദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മാലിന്യമുക്തം നവകേരളം പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ജനപ്രതിനിധികളും ഡോക്ടർമാരും അധ്യാപകരും മെഡിക്കൽകോളജ് ജീവനക്കാരും വിദ്യാർഥികളും എൻ.എസ്.എസ്. വോളന്റിയർമാരും പൊതുജനങ്ങളും ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളായി.
 

'പരിസരശുചിത്വത്തിൽ നാം പിന്നിൽ; പുതിയ ശുചിത്വസംസ്‌കാരം വളരണം'


വ്യക്തിഗത ശുചിത്വശീലങ്ങളിൽ മലയാളി മുന്നിലാണെങ്കിലും പരിസരശുചിത്വത്തിന്റെ കാര്യത്തിൽ പിന്നിലാണെന്നും പുതിയ ശുചിത്വസംസ്‌ക്കാരം വളർത്താനാണ് സർക്കാർ നിരന്തരകർമപദ്ധതിയായ മാലിന്യമുക്തം നവകേരളം കാമ്പയിൻ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുസ്ഥലങ്ങളിലെ ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നത് അശ്രദ്ധമായാണ്. ടോയ്‌ലറ്റിൽ പോയാൽ വെള്ളം ഒഴിക്കുന്ന ശീലം പോലും പലരും കാട്ടാറില്ലെന്നത് അനുഭവങ്ങളിലൂടെ നാം അറിയുന്നുണ്ട്. മാലിന്യം വലിച്ചെറിയൽ ശീലമാണ് ഏറ്റവും ഗുരുതരം. പൊതുസ്ഥലങ്ങളും ജലാശയങ്ങളും മാലിന്യങ്ങളാൽ നിറയുമ്പോൾ ജീവജാലങ്ങളുടെ അതിജീവനം പോലും അസാധ്യമാകും. വലിച്ചെറിയൽ ശീലത്തിന് മാറ്റംവരണം. മാലിന്യസംസ്‌ക്കരണത്തിന് നവസംസ്‌ക്കാരം രൂപപ്പെട്ടില്ലെങ്കിൽ നമ്മുടെ അതിജീവനം തന്നെ സാധ്യമാകാതെ വരുമെന്ന് തിരിച്ചറിയണമെന്നും എല്ലാവരും കാമ്പയിന്റെ ഭാഗമാകണമെന്നും ശുചീകരണം തുടർപ്രവർത്തനമാക്കാൻ നാട് ഒന്നിച്ചിറങ്ങണമെന്നും മന്ത്രി പറഞ്ഞു.


ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ അജയൻ കെ. മേനോൻ, അഞ്ജു മനോജ്, ധന്യ സാബു, വി.കെ. പ്രദീപ് കുമാർ, വിജി രാജേഷ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ ബിനു ജോൺ, മഹാത്മാഗാന്ധി സർവകലാശാല എൻ.എസ്.എസ്. േ്രപാഗ്രാം കോ-ഓർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ, ഏറ്റുമാനൂർ മണ്ഡലം മാലിന്യമുക്ത കാമ്പയിൻ കൺവീനർ എ.കെ. ആലിച്ചൻ എന്നിവർ പ്രസംഗിച്ചു. 'വൃത്തി' കർമപദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ കലണ്ടർ പ്രകാരം ജലാശയങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു.


നാളെ വിപുലമായ ശുചീകരണം; ലക്ഷങ്ങൾ പങ്കാളികളാകും


ഗാന്ധിജയന്തി ദിനമായ തിങ്കളാഴ്ച വിപുലമായ ജനപങ്കാളിത്തത്തോടെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും ശുചീകരണ പരിപാടികൾ നടക്കും. ഏറ്റുമാനൂർ നിയമസഭമണ്ഡലത്തിൽ ലക്ഷം പേർ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളിയാകുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എല്ലാ വിദ്യാഭ്യാസ-സർക്കാർ സ്ഥാപനങ്ങളിലും 100 ശതമാനം മാലിന്യസംസ്‌ക്കരണം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുക. വാർഡുതലത്തിൽ കുറഞ്ഞത് 200 പേർ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളാകും. മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങൾ വൃത്തിയാക്കിയശേഷം പൂന്തോട്ടം നിർമിക്കുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ എൻ.എസ്.എസ്. നടപ്പാക്കുന്ന സ്നേഹാരാമങ്ങൾക്കും തുടക്കമായി.


തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വിദ്യാർഥികൾ, യുവജനങ്ങൾ, എൻ.എസ്.എസ്., എൻ.സി.സി., പൊതുപ്രവർത്തകർ, രാഷ്ട്രീയ-തൊഴിലാളി-സർവീസ് സംഘടന പ്രവർത്തകർ, വ്യാപാരി-വ്യവസായി, ലൈബ്രറി-കലാ-സാംസ്‌കാരിക പ്രവർത്തകർ, കുടുംബശ്രീ, തൊഴിലുറപ്പ്, സർക്കാർ ജീവനക്കാർ, മത-സാമുദായക സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ് ശുചീകരണ പ്രവർത്തനം നടക്കുക. 'ശുചിത്വമാണ് സേവനം'(സ്വച്ഛതാ ഹി സേവാ) പദ്ധതിയുടെ ഭാഗമായി രാവിലെ 10 മുതൽ ഒരു മണിക്കൂർ ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നതിന് കേന്ദ്രമന്ത്രാലയവും നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K