01 October, 2023 07:28:57 PM


കനത്ത മഴ: പേരൂരില്‍ മതിലിടിഞ്ഞ് വീട് തകര്‍ന്നു; കോട്ടയം ജില്ലയില്‍ മൂന്ന് വീടുകള്‍ക്ക് നാശനഷ്ടം



കോട്ടയം: ജില്ലയിൽ പകൽ എല്ലാ താലൂക്കുകളിലും ഭേദപ്പെട്ട മഴ പെയ്തു. പ്രകൃതിക്ഷോഭമായി ബന്ധപ്പെട്ട് ജില്ലയിൽ മൂന്ന് വീടുകൾക്ക് ഭാഗികമായ നാശനഷ്ടം സംഭവിച്ചതായി താലൂക്ക് കൺട്രോൾ റൂമുകളിൽ നിന്ന് അറിയിച്ചിട്ടുണ്ട്.  കനത്ത മഴയിലും കാറ്റിലും ഏറ്റുമാനൂര്‍ പേരൂർ മന്നാമലയിൽ  മിനി സുരേന്ദ്രൻ എന്നയാളുടെ വീടിനു മുകളിലേക്ക് സമീപവാസിയുടെ മതിൽ ഇടിഞ്ഞു കേടുപാടുണ്ടായി. ആർക്കും പരുക്കില്ല. 


മഴ കനത്ത സാഹചര്യത്തിൽ ജില്ലയിൽ അഞ്ചിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്കിൽ നാലും ചങ്ങനാശേരി താലൂക്കിൽ ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്.  18 കുടുംബങ്ങളിലായി 69 പേർ ക്യാമ്പുകളിലുണ്ട്. കാറ്റിലും മഴയിലും പെട്ട് മരം ഒടിഞ്ഞു വീണതിനെ തുടർന്ന് ജില്ലയില്‍ പലയിടത്തും ഗതാഗതതടസം അനുഭവപ്പെട്ടു. പുതുപ്പള്ളി പാറയ്ക്കൽ കടവിൽ മരം റോഡിലേക്ക്  വീണ് ഗതാഗതം തടസ്സപ്പെട്ടു. ഒരു വൈദ്യുതി പോസ്റ്റും ഒടിഞ്ഞിട്ടുണ്ട്. ഇത്തരം തടസങ്ങള്‍ നീക്കിയതായി കടത്തുരുത്തി, കാഞ്ഞിരപ്പള്ളി, പാലാ, ഈരാറ്റുപേട്ട ഫയർസ്റ്റേഷനുകളിൽ നിന്ന് അറിയിച്ചു. 


ഗതാഗതം നിരോധിച്ചു


പനച്ചിക്കാട് -പുതുപ്പള്ളി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അമ്പാട്ടുകടവ് റോഡിൽ ഗതാഗതം നിരോധിച്ചു. റോഡിൽ വെള്ളം കയറിയതിനെ തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം നിർത്തി വച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K