03 October, 2023 05:21:42 PM


വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം: ഒരാൾ അറസ്റ്റില്‍



പാമ്പാടി: പാമ്പാടിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും,  തുടർന്ന് ബാറിൽ വച്ച്  യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി പുത്തൻപുറം ഭാഗത്ത് അയ്യംപറമ്പിൽ വീട്ടിൽ  മോനായി എന്ന് വിളിക്കുന്ന ഷിജോ ചാക്കോ(47) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. 

ഇയാളും സുഹൃത്തുക്കളും സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രിയോടുകൂടി കാളച്ചന്ത ഭാഗത്ത് താമസിക്കുന്ന ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് ഗൃഹനാഥനുമായി മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് ഇവർ വീട്ടിൽ കയറി  ഗൃഹനാഥനെ ആക്രമിച്ചത്. ഇതിനുശേഷം ഇവർ തൊട്ടടുത്തുള്ള ബാറിൽ വച്ച് പൊത്തൻപുറം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. യുവാവിനോടും ഇവർക്ക് മുൻ വൈരാഗ്യം നിലനിന്നിരുന്നു. 

പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഷിജോ  ചാക്കോയെ പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്എച്ച്. ഓ സുവർണ്ണ കുമാർ, എസ്.ഐ രമേഷ് കുമാർ, സി.പി.ഓ  മാരായ സുനിൽ പി.സി, ശ്രീജിത്ത് രാജ്, അനൂപ്, ശ്രീകാന്ത്  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K