03 September, 2016 06:46:52 PM


സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലനം : അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മുസ്ലീം, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ പ്പെടുന്ന ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ട് ദിവസത്തെ സൗജന്യ കരിയര്‍ ഗൈഡന്‍സ്-വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിക്കും.


അഭിരുചിക്കനുസരിച്ച് ഉപരിപഠന മേഖലകള്‍ തെരഞ്ഞെടുക്കുക, വ്യക്തിത്വ രൂപീകരണം തുടങ്ങിയവയാണ് ക്യാമ്പിന്റെ മുഖ്യ ലക്ഷ്യങ്ങള്‍. ഒന്നാംദിനം രാവിലെ ഒന്‍പത് മണിക്ക് ക്യാമ്പ് ആരംഭിച്ച് രണ്ടാം ദിനം വൈകിട്ട് നാലിന് അവസാനിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ ഒന്നാം ദിനം രാത്രി ക്യാമ്പില്‍ താമസിക്കണം. വാര്‍ഷിക പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് പ്രവേശനം.


ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ക്കും മറ്റുളളവര്‍ക്ക് മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കുമാണ് മാനദണ്ഡം. 30 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കും 20 ശതമാനം സീറ്റുകള്‍ മുസ്ലീം ഒഴികെയുളള മറ്റ് മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ബി.പി.എല്‍ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ഒരു ക്യാമ്പില്‍ പരമാവധി നൂറ് വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം.


ഓരോ ജില്ലയിലും പരമാവധി പത്ത് ക്യാമ്പുകള്‍ വരെ സംഘടിപ്പിക്കും. കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസനം, നേതൃത്വപാടവം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരായ പരിശീലകര്‍ നേതൃത്വം നല്‍കും. സ്‌കൂള്‍ മേലധികാരിയുടെ മേലൊപ്പോടുകൂടി ഡപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ല ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ല കളക്ടറേറ്റ് എന്ന വിലാസത്തില്‍ അതത് ജില്ലാ കളക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K