28 July, 2024 07:16:16 PM


മൂന്നു ഗ്രാമ പഞ്ചായത്തുകളിലെ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച



കോട്ടയം:  ജൂലൈ 30ന്  കോട്ടയം ജില്ലയിലെ മൂന്ന്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ചെമ്പ് പഞ്ചായത്തിലെ ഒന്നാംവാർഡ്(കാട്ടിക്കുന്ന്) വാകത്താനം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് (പൊങ്ങന്താനം), പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡ്(പൂവൻതുരുത്ത്) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. വോട്ട് രേഖപ്പെടുത്തുന്നതിന്  താഴെപ്പറയുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്., പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് , പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്ന് തിരഞ്ഞെടുപ്പ് തീയതിയ്ക്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിൽ വരുന്ന  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജൂലൈ 30നും  പോളിംഗ് സ്‌റ്റേഷനുകളായി ഉപയോഗിക്കുന്ന സ്‌കൂളുകൾക്ക് ജൂലൈ 29,30 തീയതികളിലും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  പ്രസ്തുത വാർഡുകളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന ജൂലൈ 30ന്  വൈകിട്ട് ആറിന് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ ജൂലൈ 31നും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി.  ജൂലൈ 31നാണ് വോട്ടെണ്ണൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K