17 June, 2025 06:35:48 PM


കുറവിലങ്ങാട് ഹോട്ടലിനു മുന്നിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് പിന്നോട്ടുരുണ്ട് അപകടം



കുറവിലങ്ങാട്: എംസി റോഡിൽ വെമ്പള്ളി ആരമ്പള്ളി വളവിനു സമീപം റോഡരികിലെ ഹോട്ടലിനു മുന്നിൽ നിർത്തിയിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പിന്നോട്ടുരുണ്ടു. യാത്രക്കാർ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയ സമയത്താണു സംഭവം. ഇതുകൊണ്ടു വൻദുരന്തം ഒഴിവായി. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം.അങ്കമാലി-തിരുവനന്തപുരം റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപെട്ടത്. ആരമ്പിള്ളി വളവിനു സമീപം ഇറക്കത്തിലാണ് ഹോട്ടൽ.

ഹോട്ടലിനു മുന്നിലെ തിട്ട പോലുള്ള പാർക്കിങ് സ്ഥലത്താണ് ബസ് നിർത്തിയത്. ഒരു യാത്രക്കാരി ഒഴികെ എല്ലാവരും ഭക്ഷണം കഴിക്കാൻ  കയറി. ബ്രേക്ക് തകരാർ മൂലം പിന്നോട്ടുരുണ്ട ബസ് റോഡിന്റെ പകുതിയോളം എത്തി. പിന്നീട് വെട്ടിത്തിരിഞ്ഞ് റോഡരികിലെ ചെളിയിലേക്കു നീങ്ങി. ഇതുവഴി പോയ ഓട്ടോറിക്ഷയിൽ തട്ടിയാണ് ബസ് നീങ്ങിയത്. യാത്രക്കാർ ഉൾപ്പെടെ പലരും ബസിൽ കയറി നിർത്താൻ ശ്രമിച്ചെങ്കിലും ബ്രേക്ക് തകരാർ മൂലം കഴിഞ്ഞില്ല.

ബസ് റോഡ് കടന്നുപോകാതിരുന്നതും മറിയാതിരുന്നതും രക്ഷയായി. കനത്തമഴ പെയ്യുന്ന സമയത്താണ് അപകടം. ബസ് പുറപ്പെടുന്നതിനു മുൻപ് ബ്രേക്ക് തകരാർ കണ്ടെത്തിയിരുന്നുവെന്നു യാത്രക്കാർ പറയുന്നു.അറ്റകുറ്റപ്പണി നടത്തിയ ശേഷം സർവീസിന് അനുമതി നൽകുകയായിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K