05 July, 2025 05:13:14 PM
ഫോറസ്റ്റ് വാച്ചർ നിയമനം: പട്ടികവർഗ വിഭാഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: ജില്ലയിൽ വനം വകുപ്പ് ഫോറസ്റ്റ് വാച്ചർ (കാറ്റഗറിനമ്പർ.120/2025) തസ്തികയിലേയ്ക്ക് വനത്തെമാത്രം ആശ്രയിച്ചുകഴിയുന്ന ആദിവാസികൾക്കു വേണ്ടിയുള്ള പ്രത്യേക നിയമനത്തിനായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും പി.എസ്.സി അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്ന മാതൃകയിൽ വെള്ളപേപ്പറിൽ എഴുതി തയാറാക്കിയതോ ടൈപ്പ് ചെയ്തതോ ആയ അപേക്ഷ അയക്കണം. അപേക്ഷ ഫീസ് ഇല്ല. കവറിന്റെ മുകൾ ഭാഗത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര്, വകുപ്പിന്റെ പേര്, കാറ്റഗറി നമ്പർ എന്നിവ എഴുതേണ്ടതാണ്. ഉദ്യോഗാർത്ഥിയുടെ പേരും മേൽവിലാസവും കവറിന്റെ ഇടതുവശത്തും അപേക്ഷ അയയ്‌ക്കേണ്ട വിലാസം വലതുവശത്തും എഴുതേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ജില്ലാ ഓഫീസർ, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ഓഫീസ്, ദേവലോകം, മുട്ടമ്പലം പി ഒ, കോട്ടയം -686004 എന്ന വിലാസത്തിൽ ജുലൈ 16ന് മുമ്പ് ലഭിക്കണം.